അവസാന നിമിഷംവരെ ആവേശം അലതല്ലിയ യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരേ പോർച്ചുഗലിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റിയിൽ ഫ്രാൻസിനോട് 5-3ന് പരാജയപ്പെട്ടതോടെ പോർച്ചുഗൽ ടൂർണമെന്റിൽനിന്ന് പുറത്തായി. ക്രിസ്റ്റ്യാനോയേയും പെപ്പെയോയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു പറങ്കികൾ കളത്തിലിറങ്ങിയത്.
മറുഭാഗത്ത് കിലിയൻ എംബാപ്പെയും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിൽ മികച്ച നീക്കങ്ങളുമായി ഇരു ടീമുകളും കളംവാണുകളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 40 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച ഫ്രാൻസ് 20 ഷോട്ടുകളായിരുന്നു പോർച്ചുഗീസ് പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ അഞ്ചെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.
60 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച പോർച്ചുഗീസ് ടീം 15 ഷോട്ടും ഫ്രഞ്ച് ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തു. എന്നാൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം സമനിലയിലേക്ക് നീളുകയായിരുന്നു. പിന്നീട് നടന്ന പെനാൽറ്റിയിൽ 5-3 എന്ന സ്‌കോറിനായിരുന്നു ഫ്രാൻസിന്റെ ജയം. പോർച്ചുഗീസ് താരം ജാവോ ഫെലിക്‌സിന്റെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. 10ന് നടക്കുന്ന സെമിയിൽ സ്‌പെയിനാണ് ഫ്രാൻസിന്റെ എതിരാളി.