യുര്‍ഗന്‍ ക്ലോപ്പിന് ശേഷം ലിവര്‍പൂളിലെ പുതുയുഗത്തിന് ഗംഭീര ജയത്തോടെ തുടക്കം. സൂപ്പര്‍ താരം മുഹമ്മ്ദ് സലാഹ് ഉഗ്രരൂപം പൂണ്ട മത്സരത്തില്‍ ഇപ്‌സിച് ടൗണിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ വീഴ്ത്തിയത്. ഒരു ഗോളും അസിസ്റ്റും നേടിയാണ് മുഹമ്മദാ സലാഹ് ലിവര്‍പൂളിന് ജയമൊരുക്കിയത്. പുതിയ പരിശീലകന്‍ ആര്‍നെ സ്ലോട്ടിനു കീഴില്‍ പുതുയുഗത്തിന് ജയത്തോടെ തുടക്കമിടാനും പൂളന്‍മാര്‍ക്കായി.
60ാം മിനുട്ടില്‍ സലാഹിന്റെ അസിസ്റ്റിലൂടെ ഡിയേഗോ ജോട്ടയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 65ാം മിനുട്ടില്‍ ഇപ്‌സിച് വലകുലുക്കി സലാഹ് ലീഡ് ഇരട്ടിയാക്കി. തുടര്‍ന്നും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും തൊടുക്കാന്‍ സമ്മതിക്കാതെ ലിവര്‍പൂളിനെ വെള്ളം കുടിപ്പിച്ച ഇപ്‌സിച് ടൗണിന് ആ മികവ് രണ്ടാം പകുതിയില്‍ നിലനിര്‍ത്താനായില്ല. രണ്ടാം പകുതിയില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ ലിവര്‍പൂളിന് മുന്നില്‍ അവര്‍ പതറുകയായിരുന്നു. ഈ മാസം 25ന് ബ്രെന്റ്‌ഫോര്‍ഡിനെതിരേയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.
ജര്‍മന്‍ താരം കായ് ഹവേര്‍ട്‌സിന്റെയും ഇംഗ്ലീഷ് താരം ബുകായോ സാകയുടെയും കരുത്തില്‍ ആഴ്‌സനലും പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കമിട്ടു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെയും ജയം.
ഹവേര്‍ട്‌സും സാകയും ഒരോ ഗോളും അസിസ്റ്റും വീതം നേടി. മത്സരത്തിന്റെ 25ാം മിനുട്ടില്‍ ബുകായോ സാകയുടെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടി ഹവേര്‍ട്‌സ് ആഴ്‌സനലിനെ മുന്നിലെത്തിച്ചു. 74ാം മിനുട്ടില്‍ ഹവേര്‍ട്‌സിന്റെ അസിസ്റ്റില്‍ നിന്ന് വലകുലുക്കിയ സാക ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 24ന് ആസ്റ്റണ്‍ വില്ലക്കെതിരേയാണ് ഗണ്ണേഴ്‌സിന്റെ അടുത്ത മത്സരം.