തിരുത്തിയത് 147 വര്‍ഷം പഴക്കമുള്ള ചരിത്രം
ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. സ്ഥിരം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഒരു ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഒല്ലി പോപ്പ്.
തന്റെ ടെസ്റ്റ് കരിയറില്‍ ഇതുവരെ നേടിയ ഏഴു സെഞ്ചുറികള്‍ ഏഴു വിത്യസ്ത എതിരാളികള്‍ക്കെതിരേ എന്ന നേട്ടമായിരുന്നു കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരേയുള്ള സെഞ്ചുറി നേട്ടത്തോടെ ഓല്ലി പോപ്പ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ദയനീയ പ്രകടനമായിരുന്നു ഒല്ലി പോപ്പ് നടത്തിയത്. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 30 റണ്‍സാണ് നേടാന്‍ സാധിച്ചത്.
എന്നാല്‍ ഓവലിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങാന്‍ ഓല്ലി പോപ്പിനായി. ടെസ്റ്റില്‍ താരത്തിന്റെ ഏഴാം സെഞ്ചുറിയായിരുന്നു ഇത്. ഇതുവരെ നേടിയ ഏഴ് സെഞ്ചുറികളും ഏഴ് എതിരാളികള്‍ക്ക് എതിരെയാണ് എന്നതാണ് താരത്തിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു താരത്തിന്റെ പ്രകടനം ഉണ്ടാവുന്നത്. ലങ്കയ്‌ക്കെതിരെ പോപ്പ് 103 പന്തില്‍ 103* റണ്‍സായിരുന്നു ഒല്ലി പോപ്പ് നേടിയത്. 2020ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കിലാണ് ഒല്ലി പോപ്പ് കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 135* റണ്‍സായിരുന്നു സമ്പാദ്യം. ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നോട്ടിങ്ഹാമില്‍ താരം 145 റണ്‍സടിച്ചു. ഡിസംബറില്‍ പാകിസ്ഥാനെതിരെ റാവല്‍പിണ്ഡിയില്‍ 108 റണ്‍സ് അടിച്ച് താരം തന്റെ മൂന്നാം സെഞ്ചുറിയും സ്വന്തമാക്കി.
2023 ജൂണില്‍ അയര്‍ലന്‍ഡിനെതിരെ ലോര്‍ഡ്‌സില്‍ 205 റണ്‍സായിരുന്നു പോപ്പ് അടിച്ച് കൂട്ടിയത്. താരത്തിന്റെ ഏക ഇരട്ട സെഞ്ചുറിയും ഇതാണ്. 2024 ജനുവരിയില്‍ ഹൈദരാബാദില്‍ ഇന്ത്യയ്ക്ക് എതിരെയാണ് പോപ്പ് ടെസ്റ്റില്‍ തന്റെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. 196 റണ്‍സായിരുന്നു സമ്പാദ്യം. ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നോട്ടിങ്ഹാമിലായിരുന്നു പോപ്പിന്റ ആറാം സെഞ്ചുറി. 121 റണ്‍സാണ് അന്ന് പോപ്പ് സ്‌കോര്‍ ചെയ്തത്. നിലവില്‍ ശ്രീലങ്ക്‌കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തന്നെയാണ് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സില്‍ 325 റണ്‍സെടുത്താണ് ഇംഗ്ലണ്ട് പുറത്തായത്. മറുപടിക്കിറങ്ങിയ ലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 215 എന്ന നിലയിലാണ്.