സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ലീഗിന് കൊച്ചിയില്‍ മലപ്പുറം പെരുമയോടെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് മലപ്പുറം എഫ്.സി സൂപ്പര്‍ ലീഗ് ആവേശത്തിന് തിരികൊളുത്തിയത്.
ആവേശത്തുടക്കം. ഫോഴ്‌സ കൊച്ചിയെ ഹോം ഗ്രൌണ്ടില്‍ തളച്ചാണ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറം എഫ്.സി ലീഗില്‍ സ്വപ്‌ന തുടക്കമിട്ടത്.
ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടിയാണ് മലപ്പുറം കൊച്ചിക്കെതിരെ ജയം ഉറപ്പിച്ചത. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ മാന്‍സിയുടെ ഗോള്‍, പിന്നീട് 40 ആം മിനുട്ടില്‍ ഫസലുറഹ്മാനും ഗോള്‍ നേടി. കൊച്ചിക്കു ലഭിച്ച ഒരേയൊരു സുവര്‍ണാവസരം തുനീസിയന്‍ താരം സിരി ഒമ്രാന്‍ പാഴാക്കി. ഇതോടെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആദ്യ പകുതി അവസാനിച്ചത്. കൂടുതല്‍ സംഘടിതമായി കളിച്ചതും മലപ്പുറമാണ്. വിഖ്യാത ഇംഗ്ലിഷ് കോച്ച് ജോണ്‍ ഗ്രിഗറിയുടെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ ടീമില്‍, പരിചയ സമ്പന്നരായ വിദേശ, ഇന്ത്യന്‍ താരങ്ങളുടെ കളിമിടുക്കും പ്രകടമായി.
കൊച്ചിയെ മറിച്ചിട്ട മലപ്പുറം എഫ്.സിക്ക് അടുത്ത എതിരാളി അയല്‍ക്കാരായ കാലിക്കറ്റാണ്. 14ാം തീയതി ശനിയാഴ്ച മലപ്പുറത്തെ സ്വന്തം തട്ടകത്തിലാണ് കാലിക്കറ്റ് എഫ്.സിക്കെതിരേ മലപ്പുറം കളത്തിലിറങ്ങുക. കൊച്ചിയെ തകർത്ത ആത്മവിശ്വാസത്തിൽ ജയം തുടരാനുറച്ചാവും മലപ്പുറം കളത്തിലിറങ്ങുക. എന്നാൽ എതിരാളികളായ കാലിക്കറ്റ് എത്രത്തോളം ശക്തരാണെന്ന് കണ്ടറിയണം. ചൊവ്വാഴ്ച തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് കാലിക്കറ്റിൻ്റെ ആദ്യ മത്സരം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.