കോപാ അമേരിക്ക
നാളെ തുടങ്ങുന്ന കോപാ അമേരിക്ക ടൂർണമെന്റ് എങ്ങനെ കാണുമെന്നറിയാതെയുള്ള നെട്ടോട്ടത്തിലാണ് ഫുട്‌ബോൾ ആസ്വാദകർ. എന്നാൽ അമേരിക്കയിൽ നടക്കുന്ന കോപാ അമേരിക്ക ടൂർണമെന്റ് ടി.വിയിലൂടെ കാണാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം കായിക പ്രേമികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണിപ്പോൾ.
നൈനാംവളപ്പ് ഫുട്‌ബോൾ ഫാൻസ് അസോസിയേഷൻ(എൻഫ)യാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ലോകത്തെ ഏറ്റവും കൂടുതൽ ആരാധകപിന്തുണയുള്ള ഫുട്‌ബോളിന് ഇന്ത്യയിൽ അനേകം ഫാൻസുണ്ട്. അതിനാൽ ടൂർണമെന്റ് കാണാൻ മതിയായ സൗകര്യമൊരുക്കണം. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എൻഫ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് പരിഗണിക്കുകയാണെങ്കിൽ നാളെ നടക്കുന്നകോപാ അമേരിക്ക ടൂർണമെന്റ് ഇന്ത്യക്കാർക്ക് ടി.വിയിലൂടെ ആസ്വദിക്കാനാകും. നേരത്തെ കായിക മേഖലയിലെ വേറിട്ട പ്രവർത്തനവുമായി മാതൃകയായ സംഘടനയാണ് കോഴിക്കോട് നൈനാംവളപ്പിലുള്ള എൻഫ. കത്ത് പരിഗണിക്കുകയാണെങ്കിൽ ഇന്ന് തന്നെ ഇക്കാര്യം തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
നേരത്തെ ഫാൻകോഡ് ആപ് കോപാ അമേരിക്ക മത്സരം സംപ്രേക്ഷണം ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഫാൻകോഡും ഈ ഉദ്യമത്തിൽനിന്ന് പിൻമാറിയെന്നാണ് വിവരം. ഇനി ചില ആപുകൾ മാത്രമാണ് കോപാ അമേരിക്ക ടൂർണമെന്റ് കാണാനുള്ള ഏക പോം വഴി. ആൻഡ്രോയിഡ് ഉപോയോക്താക്കൾക്ക് എച്ച്.ഡി സ്ട്രീമർ ആപ് മത്സരം വീക്ഷിക്കാം. കൂടാതെ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും ഫ്രീ ആയി വീക്ഷിക്കാൻ കഴിയുന്ന വിസിവിഗ് ആപിലൂടെയും മത്സരം കാണാനാകും. വൈമാക്‌സ് പ്ലസിലൂടെയും ആൻഡ്രോയിഡ് യൂസർമാർക്ക് മത്സരം ആസ്വദിക്കാനാകും.