പുതിയ ഫിഫ റാങ്കിങ് പുറത്ത്
കോപാ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിന് മുന്നോടിയായി ഫിഫയുടെ പുതിയ റാങ്കിങ് പുറത്ത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടാത്ത അർജന്റീനക്കും സ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീലിനും ആശ്വസിക്കാം. റാങ്കിങ്ങിലെ നേട്ടം ഇരു ടീമുകൾക്കും കോപ അമേരിക്ക ടൂർണമെന്റിന് മുന്നേ ആത്മവിശ്വാസം നൽകും. ലോകകപ്പ് ചാംപ്യൻമാരായ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി.
1860.14 പോയിന്റ് നേടിയാണ് അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയത്. കോപാ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായി അർജന്റീന കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളുടെ ഫലമായിരുന്നു മെസ്സിക്കും സംഘത്തിനും തുണയായത്. സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെതിരേ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച അർജന്റീന ഗ്വാട്ടിമലക്കെതിരേ 4-1ന്റെ ജയമായിരുന്നു നേടിയത്.
1837.47 പോയിന്റുമായി ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബെൽജിയം മൂന്നാം സ്ഥാനത്തും തുടരുന്നു. 1797. 98 പോയിന്റാണ് ബെൽജിയത്തിന്റെ നേട്ടം. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ഒരു സ്ഥാനം മെച്ചപ്പെടുത്ത നാലാം സ്ഥാനത്തേക്ക് എത്തി. നാലാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
1791.85 പോയിന്റ് നേടിയാണ് ബ്രസീൽ നാലാം സ്ഥാനത്തെത്തിയത്. പത്താം സ്ഥാനത്തുണ്ടായിരുന്ന ക്രൊയേഷ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിട്ടുണ്ട്. 121ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് താഴേക്കിറങ്ങി. ഇപ്പോൾ ഇന്ത്യ 124ാം സ്ഥാനത്താണുള്ളത്.
10 സ്ഥാനം മെച്ചപ്പെടുത്തി ലൈബീരിയയാണ് പുതിയ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ടീം. 152ാം സ്ഥാനത്തുണ്ടായിരുന്ന ടീം ഇപ്പോൾ 142ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്തിനെതിരേയുള്ള സമനിലയും ഖത്തറിനെതിരേയുള്ള തോൽവിയുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പോർച്ചുഗൽ ആറാം സ്ഥാനത്തും സ്‌പെയിൻ എട്ടാം സ്ഥാനത്തുമുണ്ട്.