ഉറുഗ്വെയൻ ഫുട്‌ബോളിന്റെ കുന്തമുനയായിരുന്ന എഡിസൺ കവാനി രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ഇന്നലെയായിരുന്നു താരം അന്താരാഷ്ട്ര കരിയറിനോട് വിടപറയുന്നെന്ന് അറിയിച്ചത്. കഴിഞ്ഞ സീസൺ മുതൽ ബൊക്ക ജൂനിയേഴ്‌സിന് വേണ്ടി കളിക്കുയാണ് കവാനി.
2005ൽ ഉറുഗ്വെയൻ ക്ലബായ ഡാനൂബിയോയിൽനിന്നായുരുന്നു പ്രൊഫഷനൽ ഫുട്‌ബോളിന് തുടക്കം കുറിച്ചത്. പിന്നീട് പാലർമോ, നാപോളി, പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ്, വലൻസിയ ക്ലബുകൾക്കായി പന്തു തട്ടിയ കവാനി 2008 മുതൽ 2022വരെ ദേശീയ ടീമിന്റെയും നട്ടെല്ലായിരുന്നു. ദേശീയ ടീമിനായി 136 മത്സരം കളിച്ച താരം 58 ഗോളുകളും സ്വന്തം പേരിൽ ഏഴുതി ച്ചേർത്തിട്ടുണ്ട്. കരിയറിൽ പി.എസ്.ജിക്ക് വേണ്ടിയാണ് താരം ഏറ്റവും കൂടുതൽ കാലം കളിച്ചിട്ടുള്ളത്. 2013 മുതൽ 2020വരെ പി.എസ്.ജിക്കായി കളിച്ച കവാനി 200 മത്സരത്തിൽനിന്ന് 138 ഗോളുകളും സ്വന്തം പേരിൽ കുറിച്ചായിരുന്നു അടുത്ത തട്ടകത്തിലേക്ക് നീങ്ങിയത്. ലൂയീസ് സുവാരസിനൊപ്പം ഉറുഗ്വെയുടെ മുന്നേറ്റത്തിലെ പ്രധാനിയായിരുന്ന കവാനി ഭാവി കാര്യങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.