ഏതാനും വർഷത്തിനുള്ളിൽ നാം കോപാ അമേരിക്ക, യൂറോകപ്പ്, ക്രിക്കറ്റ് ലോകകപ്പ്, ഫുട്‌ബോൾ ലോകകപ്പ് തുടങ്ങി നിരവധി പ്രധാനപ്പെട്ട ലോക മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് കപ്പടിക്കുകയും ചിലപ്പോൾ നിർഭാഗ്യം കൊണ്ട് കിരീടം കൈവിട്ട് പോവുകയും ചെയ്യുന്ന പ്രധാനപ്പെട്ട ചില നിമിഷങ്ങൾ ഇത്തരം മത്സരത്തിലുണ്ടായിട്ടുണ്ട്. എത്ര വർഷം കഴിഞ്ഞാലും ആ നിമിഷം ഓർക്കുമ്പോൾ ഒരുപക്ഷെ നമുക്ക് പേടി തോന്നാം, നെഞ്ചിടിപ്പ് കൂട്ടിടേക്കാം. ചിലപ്പോൾ സന്തോഷം തോന്നിയേക്കാം. ചിലപ്പോൾ നിരാശ തോന്നിയേക്കാം അത്തരത്തിലുള്ള ചില നിമിഷങ്ങളെ കുറിച്ച് വായിക്കാം.
സീൻ 1
2022 ഡിസംബർ 18, ഖത്തറിലെ ലുസൈൽ സ്റ്റോഡിയത്തിന്റെ പുല്ലുകൾ തീപിടിച്ച നിമിഷം. അർജന്റീനയും ഫ്രാൻസും ലോകകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരം തീരാൻ ഏഴു സെക്കൻഡ്. ഫ്രാൻസും അർജന്റീനയും 3-3 എന്ന സ്‌കോറിൽ നിൽക്കുന്നു. ഫ്രാൻസ് മുന്നേറ്റ താരം കോലോ മൗനിയുടെ കാലിൽ പന്ത്. മുന്നിൽ എമിലിയാനോ മാർട്ടിനസ് മാത്രം. പന്ത് വലയിലെത്തിയാൽ കിരീടം ഫ്രാൻസിന്.
എന്നാൽ ആ പന്ത് അർജന്റീനയുടെ വലയിലെത്തിയില്ല. അപ്പോൾ മൗനിയുടെ കിക്കിനെ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനസിന്റെ ചിത്രം ഇപ്പോഴും മനസിൽനിന്ന് മാഞ്ഞിട്ടില്ല. ഫ്രാൻസുകാർക്ക് അത് വേദനയുടെ ഓർമയാണെങ്കിൽ അർജന്റീനക്കാർക്ക് അത് ഞെട്ടലിന്റെ ഓർമയാണ്. അതെങ്ങാനും…..അതായിരിക്കും ആ നിമിഷം കണ്ട ഏതൊരു ഫുട്‌ബോൾ ആസ്വാദനും ഇപ്പോഴും തോന്നുന്നത്.
സീൻ 2
ബാർബഡോസിലെ കെങ്‌സിൻടൺ ഓവൽ സ്‌റ്റേഡിയത്തിൽ ഇന്ത്യയും -ദക്ഷിണാഫ്രിക്കയും തമ്മിൽ ടി20 ലോകകപ്പ് കിരീടത്തിനായി പോരടിക്കുന്നു. ക്രിക്കറ്റിൽ ഇതുവരെ ഒരു ലോകകിരീടമില്ലാത്ത ദക്ഷിണാഫ്രിക്ക കിരീടത്തിന്റെ തൊടുത്തടുത്ത്. ജയിക്കാൻ വേണ്ടത് 16 റൺസ്. ക്രീസിൽ കില്ലർ മില്ലർ എന്നറിയപ്പോടുന്ന ബൗളർമാരുടെ പേടി സ്വപ്‌നമായ ഡേവിഡ് മില്ലർ. ബൗളറായി ഹർദിക് പാണ്ഡ്യ.
ആദ്യ പന്തെറിയുന്നു. മില്ലറുടെ ബാറ്റിൽനിന്ന് പന്ത് ഉയർന്നു പൊങ്ങി. 90 ശതമാനം സിക്‌സർ ആവേണ്ട പന്ത്. ആ സിക്‌സറാകും മത്സരത്തിന്റെ ഗതി നിയന്ത്രിക്കുക. കൈവിട്ടാൽ സിക്‌സറാവുകയും മത്സരത്തിന്റെ ഗതി മാറുകയും ചെയ്തിരുന്ന ആ ഷോട്ട് സാഹസപ്പെട്ട് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കൈകളിലൊതുക്കി. ഒരുപക്ഷെ അത് വീണു പോയിരുന്നെങ്കിൽ ഇന്ത്യക്ക് കിരീടം നഷ്ടമാവുമായിരുന്നു. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് കിരീടം നേടുമായിരുന്നു. ആ രംഗം എപ്പോൾ കണ്ടാലും ഇപ്പോഴും ഞെട്ടുന്നവരുണ്ടാകാം. ആശ്വസിക്കുന്ന ഇന്ത്യൻ ഫാൻസുണ്ടാകാം.
സീൻ 3
ഇംഗ്ലണ്ടും സ്‌പെയിനും തമ്മിൽ യൂറോകപ്പിന്റെ ഫൈനൽ നടക്കുന്നു. മത്സരത്തിന്റെ 90ാം മിനുട്ടിൽ സ്‌പെയിൻ 2-1ന് മുന്നിട്ട് നിൽക്കുന്നു. സ്‌പെയിൻ ബോക്‌സിനകത്ത് കൂട്ടപ്പൊരിച്ചിൽ. എങ്ങനെയെങ്കിലും പന്ത് വലയിലെത്തിച്ചാൽ മത്സരം സമനില. പിന്നീട് ഒരുപക്ഷെ മത്സരത്തിന്റെ ഫലം മാറിയേക്കാം. ഡെക്ലാൻ റൈസിന്റ ഷാർപ് ഹെഡർ സ്പാനിഷ് ഗോൾ കീപ്പർ ഉനയ് സൈമൺ തട്ടിയകറ്റുന്നു. റീബോണ്ട് വന്ന പന്തിനെ വീണ്ടും ഇംഗ്ലീഷ് പ്രതിരോധ താരം മാർക്ക് ഗോഹി ഗോൾ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് സ്‌പെയിനിന്റെ വലയിലെത്തിക്കാൻ ശ്രമിക്കുന്നു.
എന്തും സംഭവിക്കാം. ഗോൾ ലൈനിൽ സ്പാനിഷ് താരം ഡാനി ഒൽമോ. കൃത്യം തലയിലേക്ക് വന്ന പന്തിനെ ഒൽമോ ഹെഡ് ചെയ്തകറ്റുന്നു. അതോടൊപ്പം ഒൽമോ അകറ്റിയത് ഇംഗ്ലണ്ടിന്റെ എക്കാലത്തേയും യൂറോകപ്പെന്ന മോഹത്തെ കൂടിയായിരുന്നു. ഒരുപക്ഷെ ആ ഹെഡർ ഗോളായിരുന്നെങ്കിൽ ഒരുപക്ഷെ മത്സരഫലം മറ്റൊന്നിയാരുന്നു. ഇത്തരം ഓർക്കാൻ ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെടുന്നതും ഓർക്കുമ്പോൾ ഭയപ്പെടുത്തുന്നതുമായി ഒരുപാട് സംഭവങ്ങൾ കളിക്കളങ്ങളിൽ ഉണ്ടാകാറുണ്ട്.