ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കക്ക് മികച്ച തുടക്കം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിലാണ്. ദിനേശ് ചണ്ഡിമാലിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ലങ്ക മികച്ച സ്‌കോർ കണ്ടെത്തിയത്. അർധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന എയ്ഞ്ചലോ മാത്യൂസും ലങ്കൻ സ്‌കോർ ബോർഡിന് കാര്യമായ സംഭാവന നൽകി. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു റണ്ണുമായി പത്തും നിസങ്ക ആദ്യത്തിൽ തന്നെ മടങ്ങിയെങ്കിലും ലങ്ക പതറിയില്ല. പിന്നീടെത്തിയവർ മികവുറ്റ ഇന്നിങ്‌സ് കാഴ്ചവെച്ചതോടെ സ്‌കോർ പതുക്കെ ഉയർത്താൻ ശ്രീലങ്കക്ക് കഴിഞ്ഞു.
രണ്ടാം വിക്കറ്റിൽ ദിമുക്ത് കരുണരത്‌നെയും ദിനേശ് ചണ്ഡിമാലും 122 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 46 റൺസെടുത്ത ദിമുക്ത് കരുണരത്‌നെ ചണ്ഡിമാലുമായുള്ള ആശയക്കുഴപ്പത്തിൽ റൺഔട്ടാകുകയായിരുന്നു.
208 പന്തിൽ 15 ഫോറുകളടക്കം 116 റൺസെടുത്താണ് ദിനേശ് ചണ്ഡിമാൽ പുറത്തായത്. മത്സരം അവസാനിക്കുമ്പോൾ എയ്ഞ്ചലോ മാത്യുസ് 78 റൺസോടെയും കാമിൻഡു മെൻഡിസ് 51 റൺസോടെയും ക്രീസിലുണ്ട്. ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്‌സ്, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യ ടെസ്റ്റിൽ ശ്രീലങ്ക 63 റൺസിന്റെ ജയം നേടിയിരുന്നു. ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.