ഐ.എസ്.എല്ലിലെ ആദ്യ ജയം സ്വന്തമാക്കി മുഹമ്മദൻസ് എഫ്.സി. ഇന്നലെ ചെന്നൈയിൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുഹമ്മദൻസിന്റെ ജയം. മത്സരത്തിൽ കൂടുതൽ സമയത്തും മേധാവിത്തം പുലർത്തിയത് ചെന്നൈയിൻ ആയിരുന്നെങ്കിലും ജയം നേടാൻ അവർക്കായില്ല. ഇരു ടീമുകളും ആവേശത്തോടെയായിരുന്നു തുടങ്ങിയത്. അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും ആദ്യം കളംനിറഞ്ഞു കളിച്ചു.
ഒടുവിൽ ആദ്യ പകുതിയിൽതന്നെ മുഹമ്മദൻസ് ഗോൾ നേടി. 39ാം മിനുട്ടിൽ ലാൽറെംസങ്ക ഫനായിയായിരുന്നു ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ ചെന്നൈയിന്റെ ഊർജം വർധിച്ചു. ആദ്യ പകുതിയിൽതന്നെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ചെന്നൈയിൻ എഫ്.സി ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും വിജയംകണ്ടില്ല. 53 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ചെന്നൈയിൻ 22 ഷോട്ടുകളായിരുന്നു മുഹമ്മദൻസിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
എന്നാൽ അതിൽ നാലെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ മുഹമ്മദൻസും ഗോൾ മടക്കി സമനില നേടാൻ ചെന്നൈയിനും പൊരുതിക്കളിച്ചുകൊണ്ടിരുന്നെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. മത്സരത്തിന്റെ അവസാന 15 മിനുട്ടിൽ ഇരു ടീമുകളും അക്രമം കടുപ്പിച്ചു. മുഹമ്മദൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക് പാഴാവുകയായിരുന്നു.
ഉടൻ തന്നെ ചെന്നൈക്ക് ഗോൾ തിരിച്ചടിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ഗോൾലൈൻ സേവിലൂടെ ചെന്നൈയിൻ രണ്ടാം ഗോളിനെ തടഞ്ഞു. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുഹമ്മദൻസ് ജയിച്ചു കയറുകയായിരുന്നു. ഐ ലീഗിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻസിന്റെ സീസണിലെ ആദ്യ ജയമായിരുന്നു ഇന്നലെ നേടിയത്. ആദ്യ മത്സരത്തിൽ തോറ്റ മുഹമ്മദൻസിന് രണ്ടാം മത്സരത്തിൽ സമനിലയായിരുന്നു ഫലം. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സി ഗോവയെ നേരിടും.