കോപ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ മത്സരങ്ങൾക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഫുട്ബോൾ ആസ്വാദകർ. ലാറ്റിനമേരിക്കയിലെ വമ്പൻ ശക്തികൾ ക്വാർട്ടർ ഫൈനലിനായി തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണിപ്പോൾ. നിലവിലെ ചാംപ്യൻമാരായ അർജൻ്റീന, കരുത്തരായ ബ്രസീൽ, ഉറുഗ്വെ തുടങ്ങിയ ശക്തരെല്ലാം ക്വാർട്ടർ ഫൈനലിന് ഒരുങ്ങി നിൽക്കുകയാണ്.
എന്നാൽ ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ച അതൊന്നുമല്ല. ഗ്രൂപ്പ് ഘട്ടത്തിലെ കൊളംബിയക്കെതിരേയുള്ള അവസാന മത്സരത്തിൽ ബ്രസീലിന് പെനാൽറ്റി നിഷേധിച്ചതാണ് ചർച്ച. മത്സരത്തിൽ ബ്രസീൽ മുന്നേറ്റ താരം വിനീഷ്യസ് ജൂനിയറിനെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. എന്നാൽ വാർ നോക്കിയിട്ടും റഫറി പെനാൽറ്റി അനുവദിച്ചില്ല. തുടർന്ന് മത്സരം 1 – 1 ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. ജയിക്കുകയാണെങ്കിൽ ഗ്രൂപ്പ് ചാംപ്യന്മാരായി ബ്രസീലിന് ക്വാർട്ടറിൽ പ്രവേശിക്കാമായിരുന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായതോടെ ഉറുഗ്വെയുമായിട്ടാണ് ക്വാർട്ടറിൽ ബ്രസീലിൻ്റെ മത്സരം.
എന്നാൽ ഇപ്പോൾ തെറ്റ് ഏറ്റു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലാറ്റിനമേരിക്കൻ ഫുട് ബോൾ അസോസിയേഷൻ. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആ തീരുമാനം തെറ്റാണെന്ന് വ്യത്മാക്കിയത്.
“കൊളംബിയൻ ഡിഫൻഡർ ഡാനിയൽ മുനോസ് വിനീഷ്യസ് ജൂനിയറിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയത് തെറ്റായിരുന്നു.
ലെവീസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൻ്റെ 42-ാം മിനുട്ടിൽ ബ്രസീൽ കൊളംബിയക്കെതിരേ 1-0ന് മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു വിനീഷ്യസിനെ ബോക്സിൽ വീഴ്ത്തിയത്. ഈ സമയത്ത്
ബ്രസീൽ കളിക്കാർ പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും വെനസ്വേലൻ റഫറി ജീസസ് വലൻസുവേല ഫൗൾ വിളിച്ചില്ല, മുനോസ് പന്തിൽ തൊട്ടത് പരിഗണിച്ച് അർജൻ്റീനയുടെ മൗറോ വിഗ്ലിയാനോയുടെ നേതൃത്വത്തിലുള്ള റഫറിമാർ വി.എ.ആർ തീരുമാനം ശരി വെക്കുകയായിരുന്നു. എന്നാൽ പെനാൽറ്റി ബോക്സിൽ കൊളംബിയൻ താരം പന്തിൽ സ്പർശിച്ചിട്ടില്ല എന്ന കാര്യം വ്യക്തമാണ്” സൗത്ത് അമേരിക്കൻ സോക്കർ ഗവേണിംഗ് ബോഡി CONMEBOL ബുധനാഴ്ച പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു.
“ഇക്കാരണത്താൽ റഫറി ഉചിതമായ തീരുമാനം എടുക്കുന്നതിൽ പരാജയപ്പെട്ടെന്നും സംഘടന വ്യക്തമാക്കി.
സംഭവം വിവാദമായതോടെ അർജൻ്റീനൻ റഫറി മനപ്പൂർവം ബ്രസീലിന് പെനാൽറ്റി നിഷേധിക്കുകയായിരുന്നെന്ന് വ്യക്കമാക്കി ബ്രസീൽ ആരാധകരും രംഗത്തെത്തി. എന്തായാലും കായിക ലോകത്ത് ഇപ്പോഴും ചർച്ച കൊഴുക്കുകയാണ്.