1994, ജൂൺ 23, സാൻഫ്രാൻസിസ്‌കോയിലെ സ്റ്റാൻഫോർഡ് സ്റ്റേഡിയം. എൺപത്തിനാലായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്‌റ്റേഡിയം മുഴുവൻ സൂചി കുത്താനിടമില്ലാതെ തിങ്ങിനിറഞ്ഞിരുന്നു. ആതിഥേയരായ അമേരിക്കക്കെതിരേ കൊളംബിയയുടെ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ഗ്രൂപ്പ് മത്സരം. ജയിച്ചാൽ കൊളംബിയക്ക് ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം. എന്നാൽ പൊരുതാനിറങ്ങിയ കൊളംബിയയുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. അമേരിക്കൻ താരമായിരുന്ന ജോൺ ഹാർക്‌സിന്റെ ക്രോസ് തടയാൻ ശ്രമിക്കവെ എസ്‌കോബാറിന്റെ ശരീരത്തിൽ തട്ടിയ പന്ത് കൊളംബിയയുടെ വലയിൽ.
ഇതോടെ 1-1ന് എന്നി നിലയിലുണ്ടായിരുന്ന മത്സരം 2-1ന് അമേരിക്ക ജയിച്ചു. കൊളംബിയ പുറത്ത്. സീൻ രണ്ട്, ലോകകപ്പിൽ തോറ്റ സങ്കടത്താൽ എല്ലാവരും മടങ്ങി. എന്നാൽ ലാസവേഗാസിലുള്ള തന്റെ ബന്ധുക്ക സന്ദർശിക്കാതെ എസ്‌കോബാർ തോൽവി ഭാരത്താൽ സ്വന്തം രാജ്യത്തേക്കായിരുന്നു പോയത്. ലോകകപ്പിലെ തോൽവി കഴിഞ്ഞ അഞ്ചാം ദിവസമായിരുന്നു സുഹൃത്തുകളെയും വിളിച്ച് എസ്‌കോബാർ അടുത്തുള്ള ബാറിൽ പോയത്.
എന്നാൽ ഈ യാത്രയായിരുന്നു താരത്തിന്റെ അവസാന യാത്ര. കാറിലെത്തിയ നാലംഗ സംഘം എസ്‌കോബാറിനുനേരെ ‘ഗോൾ’ എന്നാക്രോശിച്ചുകൊണ്ട് ക്ലോസ് റേഞ്ചിൽ വെടിയുതിർത്തു. സംഭവ സ്ഥലത്തു തന്നെ രാജ്യത്തിന്റെ താരം പിടഞ്ഞു വീണു. എന്നാൽ പിന്നീട് കൊളംബിയക്കെതിരേ സെൽഫ് ഗോളിടിച്ചത് കൊണ്ടായിരുന്നു താരം കൊല്ലപ്പെട്ടതെന്നായിരുന്നു വാർത്തകൾ പരന്നത്.
മയക്കു മരുന്ന് സംഘങ്ങളും വാതുവെപ്പ് സംഘങ്ങളും തമ്മിലുള്ള പ്രശ്മായിരുന്നു കൊല്ലപ്പെടാൻ കാരണമെന്നും വിലയിരുത്തലുണ്ട്. അവിടുന്ന് ഇതുവരെ 2001ൽ കോപാ അമേരിക്ക ചാംപ്യൻമാരായതൊഴിച്ചാൽ പിന്നീടൊരു കിരീടം കൊളംബിയൻ മണ്ണിലെത്തിയിട്ടില്ല. അബദ്ധത്തിൽ വീണ സെൽഫ് ഗോളിന് ജീവൻ ബലി നൽകിയ എസ്‌കോബറിനുള്ളതാകും നാളെ ജയിക്കുകയാണെങ്കിൽ കൊളംബിയയുടെ കിരീടം. ഇപ്പോഴും എസ്‌കോബറിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കൊളംബിയൻ ജനത അദ്ദേഹത്തിന്റെ പ്രതിമയും രാജ്യത്ത് അനാവരണം ചെയ്തിട്ടുണ്ട്.
കൊളംബിയ ഫൈനലിൽ
നാളെ രാവിലെ 5.30ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഗ്രൂപ്പ്ഘട്ടം മുതൽ ഒരു മത്സരത്തിലും തോൽക്കാതെയാണ് അർജന്റീനയുടെ വരവ്. ആദ്യ മത്സരത്തിൽ കാനഡക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം. രണ്ടാം മത്സരത്തിൽ ചിലിക്കെതിരേ ഒരു ഗോളിന് ജയിച്ച ചാംപ്യൻമാർ മൂന്നാം മത്സരത്തിൽ പെറുവിനെ രണ്ട് ഗോളിനും തറപറ്റിച്ചായിരുന്നു ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ ഇക്വഡോറിനെ നേരിട്ട അർജന്റീന അവരെയും വീഴ്ത്തി സെമിയിലേക്ക്.
സെമിയിൽ എതിരാളികളായി വീണ്ടും കാനഡ. എതിരില്ലാത്ത രണ്ട് ഗോളിന് അനായാസം കാനഡയും കടന്ന് തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ. 16ാം കോപാ അമേരിക്ക കിരീടം തേടിയിറങ്ങുന്ന അർജന്റീനൻ ടീം ശക്തമായ നിലയിലാണ്. അതിനാൽ കൊളംബിയക്കെതിരേ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം. തുടർച്ചയായ 28 മത്സരം തോൽക്കാതെ മുന്നേറുന്ന കൊളംബിയക്ക് അർജന്റീനയേയും തോൽപിക്കാനായാൽ പുതിയ റെക്കോർഡിന് അവകാശികളാകാം.