ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുനൈറ്റഡാണ് സിറ്റിയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ആദ്യം സ്‌കോർ ചെയ്തത് സിറ്റിയായിരുന്നെങ്കിലും അവർക്ക് ലീഡ് നിലനിർത്താൻ കഴിഞ്ഞില്ല. 35ാം മിനുട്ടിൽ ജോസ്‌കോ ഗ്വാർഡിയോളായിരുന്നു സിറ്റിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ സിറ്റി ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ ന്യൂകിസിൽ തിരിച്ചുവരുകയായിരുന്നു. 58ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ന്യൂകാസിലിന്റെ സമനില ഗോൾ.
ആന്റണി ഗൊർഡോനായിരുന്നു ന്യൂകാസിലിന്റെ ഗോൾ സ്‌കോറർ. 63 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച സിറ്റി 16 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ചെൽസി 4-2 എന്ന സ്‌കോറിന് ബ്രൈറ്റണെ തോൽപ്പിച്ചു. കോലെ പാമറായിരുന്നു ചെൽസിക്കായി നാലു ഗോളുകളും നേടിയത്. 21,28,31,41 മിനുട്ടുകളായിരുന്നു പാമറുടെ ഗോളുകൾ.
ജിയോർജിനോ റട്ടർ (7), കാർലോസ് ബലേബാ (34) എന്നിവരായിരുന്നു ബ്രൈറ്റണ് വേണ്ടി ഗോളുകൾ നേടിയത്. 4-2 എന്ന സ്‌കോറിന് തന്നെയായിരുന്നു ആഴ്‌സനലിന്റെയും ജയം. ആഴ്‌സനലിനായി ലിസാന്ദ്രോ ട്രൊസാർഡ് ഇരട്ട ഗോൾ സ്വന്തമാക്കി. ഗബ്രിയേൽ മാർട്ടിനല്ലെ, കെയ് ഹാവർട്‌സ് എന്നിവരാണ് ഗണ്ണേഴ്‌സിന്റെ മറ്റു സ്‌കോറർമാർ. ബ്രെൻഡ്‌ഫോർഡ്-വെസ്റ്റ്ഹാം മത്സരം 1-1ന് അവസാനിച്ചപ്പോൾ 2-1ന് എവർട്ടൺ ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫുൾഹാം നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു.