പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ ഫോഴ്‌സ കൊച്ചി എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും. രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊച്ചി കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയൻ താരം ഡോറിയൽട്ടൻ ഗോമസാണ് കൊച്ചിയുടെ രണ്ട് ഗോളുകളും നേടിയത്.
സ്‌പെയിൻകാരൻ അഡ്രിയാൻ സെർഡിനേറോ കണ്ണൂരിനെയും ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ് നിദാൽ കൊച്ചിയെയും നയിച്ച മത്സരത്തിന്റെ ആദ്യ കാൽ മണിക്കൂറിൽ ഗോൾ സാധ്യതയുള്ള ഒരു നീക്കം പോലും ഇരു ഭാഗത്തു നിന്നും കാണാൻ കഴിഞ്ഞില്ല.
പതിനാറാം മിനിറ്റിൽ ഡോറിയൽട്ടൻ ഒത്താശ ചെയ്ത പന്തിൽ നിജോ ഗിൽബർട്ടിന്റെ ഗോൾ ശ്രമം കണ്ണൂർ പോസ്റ്റിന്റെ മുകളിലൂടെ പറന്നു.
കൊച്ചിയുടെ കമൽപ്രീത് സിംഗിന് മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ ഇരുപത്തിമൂന്നാം മിനിറ്റിൽ നിജോയുടെ മറ്റൊരു ശ്രമം കണ്ണൂർ ഗോൾ കീപ്പർ അജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.
നാൽപ്പത്തിരണ്ടാം മിനിറ്റിൽ കണ്ണൂരിന്റെ റിഷാദ് ഗഫൂറിനും മഞ്ഞക്കാർഡ് ലഭിച്ചു.
സംഘടിത നീക്കങ്ങളോ ഗോൾ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളോ പിറക്കാതെപോയ ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു.
അൻപതാം മിനിറ്റിൽ സെർഡിനേറോയെ ഫൗൾ ചെയ്തതിന് അജയ് അലക്സിന് മഞ്ഞക്കാർഡ് ലഭിച്ചു. ബോക്സിന് തൊട്ടു മുന്നിൽ വെച്ച് ലഭിച്ച ഫ്രീകിക്ക് പക്ഷെ കണ്ണൂരിന് മുതലാക്കാനായില്ല.
അറുപത്തിരണ്ടാം മിനിറ്റിൽ അബിൻ, നജീബ്, ഹർഷൽ എന്നിവരെ കണ്ണൂർ പകരക്കാരായി കളത്തിലിറക്കി. കൊച്ചി ബസന്ത സിംഗിനും അവസരം നൽകി.
എഴുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി ഗോൾ നേടി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഡോറിയൽട്ടൻ ഗോമസ് ബൈസിക്കിൽ കിക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു (1-0). ആറ് മിനിറ്റിനകം ഡോറിയൽട്ടൻ വീണ്ടും ഗോൾ നേടി. ഇടതു വിങിലൂടെ മുന്നേറി ഡോറിയൽട്ടൻ തൊടുത്ത ഗ്രൗണ്ടർ കണ്ണൂർ ഗോളി അജ്മലിന്റെ കൈകൾക്ക് ഇടയിലൂടെ പോസ്റ്റിൽ കയറി 2-0).
ലീഗിൽ ബ്രസീലിയൻ താരത്തിന് ഏഴ് ഗോളുകളായി.
പത്താം തീയ്യതി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സി – ഫോഴ്സ കൊച്ചി എഫ്സി ഗ്രാൻഡ് ഫൈനലിന് വേദിയാവുക.