Shopping cart

  • Home
  • Cricket
  • രഞ്ജി ട്രോഫി- ഉത്തർപ്രദേശിനെ എറിഞ്ഞിട്ട് കേരളം
Cricket

രഞ്ജി ട്രോഫി- ഉത്തർപ്രദേശിനെ എറിഞ്ഞിട്ട് കേരളം

രഞ്ജി ട്രോഫി
Email :40

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ ആദ്യ ഇന്നിങ്‌സിൽ 162ന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന, രണ്ട് വിക്കറ്റ് നേടിയ ബേസിൽ തമ്പി, ഓരോ വിക്കറ്റ് വീതം നേടിയ ആസിഫ് കെ.എം, അപരാജിത്, സർവതെ എന്നിവരാണ് ഉത്തർപ്രദേശിനെ പ്രതിരോധത്തിലാക്കിയത്. സ്‌കോർ 129 എത്തിയപ്പോൾ ഒൻപത് വിക്കറ്റ് നഷ്ടമായ ഉത്തർപ്രദേശിനെ 150 കടത്തിയത് ശിവം ശർമ്മയും ആക്വിബ് ഖാനും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് 73 പന്തിൽ 33 റൺസെടുത്തു.

പത്താമനായി ഇറങ്ങി 30 റൺസെടുത്ത ശിവം ശർമയാണ് ഉത്തർപ്രദേശിന്റെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേടിയതോടെ രഞ്ജി ട്രോഫിയിൽ ആറായിരം റൺസും 400 വിക്കറ്റും നേടുന്ന ആദ്യതാരമായി സക്‌സേന മാറി. തുമ്പ സെന്റ്. സേവ്യർ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ഉത്തർ പ്രദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും സ്‌കോർ 29 ൽ എത്തിയപ്പോൾ ആര്യൻ ജുയാലിന്റെ വിക്കറ്റ് ഉത്തർ പ്രദേശിന് നഷ്ടമായി.

57 പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 27 റൺസെടുത്ത ജുയാലിനെ ജലജ് സക്‌സേന ക്ലീൻ ബൗൾഡാക്കി. തുടർന്ന് ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പ്രിയം ഗാർഗിനെ കെ.എം ആസിഫ്, അപരാജിന്റെ കളിലെത്തിച്ച് പുറത്താക്കി. തുടർന്നെത്തിയ നീതീഷ് റാണയും മാധവ് കൗഷിക്കും തമ്മിലുള്ള കൂട്ടുകെട്ടാണ് ഉത്തർപ്രദേശിന്റെ സ്‌കോർ അമ്പത് കടത്തിയത്. സ്‌കോർ 55ൽ എത്തിയപ്പോൾ സക്‌സേനയുടെ പന്തിൽ മുഹമ്മദ് അസറുദ്ദീൻ ക്യാച്ചെടുത്ത് മാധവ് കൗഷിക്കിനെ പുറത്താക്കി.

ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിലെ ശ്രദ്ധേയനായ സമീർ റിസ്‌വിയുടെ വിക്കറ്റ് ബേസിൽ തമ്പിയും വീഴ്ത്തി. ആറ് പന്ത് നേരിട്ട സമീറിന് ഒരു റൺസ് മാത്രമാണ് നേടാനായത്. തുടർന്ന് നിതീഷ് റാണ സിദ്ധാർത്ഥ് യാദവ് സഖ്യം 42 പന്തിൽ 23 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഉച്ചഭക്ഷണത്തിന് മുന്നെ സിദ്ധാർത്ഥ് യാദവിനെയും സക്‌സേന പുറത്താക്കി. 25 പന്ത് നേരിട്ട സിദ്ധാർത്ഥ് രണ്ട് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 19 റൺസ് നേടി. സ്‌കോർ 86 ൽ എത്തിയപ്പോൾ നിതീഷ് റാണയെയും സക്‌സേന പുറത്താക്കി.

ഉത്തർപ്രദേശിന്റെ സ്‌കോർ 129 എത്തിയപ്പോൾ തുടരെ നഷ്ടമായത് രണ്ട് വിക്കറ്റുകളായിരുന്നു. സൗരഭ് കുമാറിനെ ബി. അപരാജിത് കീപ്പർ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച് പുറത്താക്കിയപ്പോൾ ശിവം മാവിയെ ബേസിൽ തമ്പി പുറത്താക്കി. ശിവം ശർമ്മയെ സൽമാൻ നിസാറിന്റെ കൈകളിലെത്തിച്ച് സർവതെയാണ് ഉത്തർ പ്രദേശിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലിന്റെയും വത്സൽ ഗോവിന്ദിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts