പരാജയങ്ങളുടെ തുടർച്ചയ്്ക്കിടയിൽ പാതിവഴിയിൽ പരിശീലകരും പടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും സ്വന്തം തട്ടകത്തിൽ ഇറങ്ങുകയാണ്. നിരാശരായ ആരാധകർ മാജിക് പ്രതീക്ഷകളുമായി നിലകൊള്ളുമ്പോൾ വിജയപ്രതീക്ഷയുമായിട്ടാണ് കേരളത്തിന്റെ കൊമ്പന്മാർ മത്സരത്തിനിറങ്ങുന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന് മത്സരത്തിന് ഫിസിൽ മുഴങ്ങുമ്പോൾ എതിരാളികൾ മുഹമ്മദൻസ് സ്‌പോർടിങ് ക്ലബ്ബ്.
ബ്ലാസ്റ്റേഴസ് അവസാനമായി മൈതാനത്തിറങ്ങിയിട്ട് കൃത്യം ഒരാഴ്ച പൂർത്തിയായി. ഇതിനിടയിൽ ആരാധക കൂട്ടായ്മ്മ മഞ്ഞപ്പട ബഹിഷ്‌കരണവുമായി രംഗത്ത് വന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി. ഇതിന് പിന്നാലെയാണ മുഖ്യ പരിശീലകൻ മിഖായൽ സ്റ്റാറെയും സഹപരിശീലകരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും പുറത്താക്കിയ വാർത്ത പുറത്തുവന്നത്.
2026 വരെ കരാർ ഉണ്ടായിരിക്കെയാണ് ടീമിന്റെ മോശപ്രകടനത്തെ തുടർന്ന്് ഐ.എസ്.എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് കോച്ചുകൂടിയായ മിഖായേൽ സ്റ്റാറെയെ പുറത്താക്കുന്നത്.ഒപ്പം സഹപരീശിലകരെയും. ഇന്ത്യൻ സൂപ്പർലീഗിന്റെ പതിനൊന്നാം സീസണിൽ പതിനൊന്ന് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് നിലനിൽപ്പ് അപകടത്തിലായ ഘട്ടത്തിൽ ആശ്വാസ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.
നിലവിൽ അവസാന അഞ്ച് കളികളിൽ നാലിലും തോറ്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ 12 കളിൽ മൂന്നെണ്ണത്തിൽ മാത്രം ജയിച്ച ടീമിനെ ആരാധകരും കൈയൊഴിഞ്ഞ മട്ടിലാണ്. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങി ടീം ഏഴെണ്ണത്തിലാണ് തോറ്റത്്. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് അടിയറവ് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്ക് ശേഷം ഹോംഗ്രൗണ്ടിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങുകയാണ്.
നേരത്തെ മുഹമ്മദൻസിന്റെ മൈതാനത്ത് ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. പുതിയ പരിശീലകനെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അതിന് മുമ്പ് ലീഗിലെ നിലനിൽപ്പ് സുരക്ഷിതമാക്കണമെന്ന ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളത്. ഈ വർഷം സ്വന്തം മൈതാനത്ത് കളിക്കുന്ന അവസാന മത്സരംകൂടിയാണ് ഇന്നത്തെ പോരാട്ടം.
ആരാധകർക്ക് ജയത്തോടെ ക്രിസ്തുമസ്പുതുവത്സര സമ്മാനം കൂടി നൽകാമെന്ന ചിന്തയും ടീമിനുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ തോറ്റെങ്കിലും സാമന്യം ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഗോൾ അടിച്ചുകൂട്ടുന്ന ജീസസ് ജിമിനെസും നോവ സദോയിയും ടീമിന് ബലം നൽകുമ്പോൾ പിന്തുണയുമായി ക്യാപ്റ്റൻ ലൂണയുമുണ്ട്. പകരക്കാരന്റെ റോളിൽ ഇറങ്ങുന്ന ക്വാമി പെപ്രകൂടി ചേരുമ്പോൾ ദുർബലരായ എതിരാളികൾ വിയർക്കും.
ഇന്ന് ജയിച്ചാൽ ഈ മാസം 29ന് ജംഷഡ്പൂരിനെതിരെ അവരുടെ മൈതാനത്ത് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനും സാധിക്കും. അതുവഴി ആരാധകരെ ആശ്വസിപ്പിക്കാനാവും. ഇടക്കാലത്തേയ്ക്ക് ടീമിന്റെ ചുമതല ഏറ്റെടുത്ത പരിശീലകൻ പി ജി പുരുഷോത്തമനും ഇക്കാര്യം അടിവരയിടുന്നുണ്ട്. എതിരാളികളായ മുഹമ്മദൻസ് എഫ് സി ഏറക്കുറെ ലീഗിൽ നിന്ന് പുറത്തായി കഴിഞ്ഞു.
11 കളികളിൽ നിന്ന് ജയിക്കാനായത് ഒരു മത്സരത്തിൽ മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിനെ പോലെ പരാജയപ്പെട്ട മത്സരങ്ങളിലും ചില മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ അവർക്കും കഴിഞ്ഞിട്ടുണ്ട്’ഭൂതകാലത്തെക്കുറിച്ചോ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചോ ചിന്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അടുത്ത മത്സരത്തിൽ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ഒരു ടീം എന്ന
നിലയിൽ, ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഈ മത്സരത്തിൽ വിജയിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നു. ഓരോ മത്സരവും വ്യത്യസ്തമാണ്. ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നും ഞങ്ങളുടെ ലക്ഷ്യം എങ്ങനെ കൈവരിക്കാമെന്നും ഞങ്ങൾ ആസൂത്രണം ചെയ്തുകഴിഞ്ഞു”. വിജയപ്രതീക്ഷ ക്യാപ്റ്റൻ ലൂണയും പങ്കുവെയ്ക്കുന്നു.