ബ്ലാസ്റ്റേഴ്സിന് കടുപ്പമുള്ള എതിരാളി
ഡ്യുറന്റ് കപ്പ് ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. 21ന് കൊൽക്കത്തയിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ജയം നേടിയായിരുന്നു ബ്ലാസ്റ്റഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ ഒരു സമനിലയും രണ്ട് ജയവുമായിരുന്നു ബ്ലാസ്റ്റേഴ്സ് നേടിയത്. 23ന് വൈകിട്ട് ഏഴിന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെയും സി.ഐ.എസ്.എഫിനെതിരേ എതിരില്ലാത്ത ഏഴു ഗോളിന്റെയും ജയം നേടിയ ബ്ലാസ്റ്റേഴ്സിന് പഞ്ചാബിനെതിരേ സമനില വഴങ്ങേണ്ടി വന്നു.
മുഹമ്മദൻസിനെ 3-2ന് തോൽപിച്ചാണ് ബംഗളൂരു എഫ്.സി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. ആഗസ്റ്റ് 21ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ത്യൻ ആർമിയെ നേരിടും. ഇതേ ദിവസം വൈകിട്ട് ഏഴിന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ഷില്ലോങ് ലജോങ് എഫ്.സി ഈസ്റ്റ് ബംഗാളിനെയും നേരിടും. രണ്ടാം ക്വാർട്ടറിൽ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്സി ഇമാമി ഈസ്റ്റ് ബംഗാളും തമ്മിലാണ് മത്സരം. ആഗസ്റ്റ് 23ന് വൈകിട്ട് നാലിന് മോഹൻ ബഗാൻ പഞ്ചാബ് എഫ്സിയുമായി കൊമ്പുകോർക്കും.