മൂന്നാം തവണയും കേരളത്തിനോട് സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കരുതേ എന്ന കരുതലലിൽ ബംഗാളും കിരീടം ലഭിക്കണേ എന്ന പ്രാർഥനയിൽ കേരളവും ഗച്ചിബൗളി സ്റ്റേഡിയത്തിൽ പതിയെയാരുന്നു തുടങ്ങിയത്.റഫറി അവസാന വിസിൽ മുഴക്കിയപ്പോൾ ബംഗാളിന്റെ സ്വപ്‌നമായിരുന്നു സഫലമായത്. കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബംഗാൾ 33ാം സന്തോഷ് ട്രോഫി കിരീടം നേടി.
ഇതുവരെ കളിച്ച മികച്ച പ്രകടനം പുറത്തെടുക്കാൻ മറന്നതായിരുന്നു കേരളത്തിന് തിരിച്ചടിയായത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ബംഗാളായിരുന്നു മികച്ചുനിന്നത്.ആദ്യ പകുതിയിൽ ബംഗാൾ കേരള ഗോൾമുഖത്ത് അക്രമം നടത്തിക്കൊണ്ടിരുന്നു. എന്നാൽ പതിയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരളം പലപ്പോഴും ബംഗാൾ ഗോൾമുഖത്തും പന്ത് എത്തിച്ചുവെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
ഒന്നാം മിനുട്ടിൽ പൊസഷൻ നഷ്ടമാക്കിയ കേരളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. തൊട്ടുപിന്നാലെ ബംഗാളിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചിരുന്നില്ല. ആറാം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞുനിർത്തി. 11-ാം മിനുട്ടിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് നൽകിയ
ക്രോസിൽ അജ്‌സലിന്റെ മനോഹരമായൊരു ഹെഡർ ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു. 22-ാം മിനുട്ടിൽ ത്രൂ ബോളായി ലഭിച്ച പന്ത് ബംഗാൾ താരം റോബി ഹൻസ്ദ കേരള പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. പക്ഷേ ബാറിനു മുകളിലൂടെ പുറത്തേക്കാണു പന്തു പോയത്.26-ാം മിനുട്ടിൽ കേരളത്തിന് അനുകൂലമായ കോർണർ മുന്നേറ്റ നിരയ്ക്ക് മുതലാക്കാൻ സാധിക്കാതിരുന്നതോടെ
കേരളത്തിന്റെ ഗോൾ മോഹം പൊലിഞ്ഞു. ആദ്യ പകുതിയിലെ മത്സരം 30 മിനുട്ട് പിന്നിടുമ്പോൾ കളിയുടെ നിയന്ത്രണം ബംഗാളിന്റെ കൈകളിലായിരുന്നു. 40-ാം മിനുട്ടിൽ കേരളത്തിന്റെ മുഹമ്മദ് മുഷറഫ് എടുത്ത ഫ്രീകിക്കിൽ റീബൗണ്ടായി പന്ത് താരത്തിന്റെ കാലുകളിൽ തന്നെ വീണ്ടും എത്തി. പക്ഷേ അപ്പോഴും ലക്ഷ്യം കാണാൻ കേരളത്തിനു സാധിച്ചില്ല.
ആദ്യ പകുതിയിൽ രണ്ടു മിനുട്ടായിരുന്നു അധിക സമയം അനുവദിച്ചത്. ഈ സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. 35ാം മിനുട്ടിൽ മുഹമ്മദ് അജ്‌സൽ പന്തുമായി ബംഗാൾ ബോക്‌സിലേക്ക് ഓടിക്കയറിയെങ്കിലും ബംഗാൾ പ്രതിരോധം ഉണർന്നു പ്രവർത്തിച്ചതോടെ ഗോൾ അകന്നുനിന്നു. രണ്ടാം പകുതിക്ക് ശേഷം മികച്ച രീതിയിലായിരുന്നു കേരളം തുടങ്ങിയത്.
58ാം മിനുട്ടിൽ കേരളത്തിന്റെ ബോക്‌സിലേക്ക് കുതിക്കുകയായിരുന്നു ബംഗാൾ താരത്തെ ഫൗൾ ചെയ്തതിന് ബോക്‌സിന്റെ തൊട്ടുമുന്നിൽനിന്ന് ബംഗാളിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കിക്ക് ബാറിനുമുകളിലൂടെ പുറത്തേക്ക് പോയതോടെ അപകടം ഒഴിവായി. 61ാം മിനുട്ടിൽ ബംഗാളിന് അനുകൂലമായ കോർണർ ലഭിച്ചു. കോർണർ കൃത്യമായ എടുത്തെങ്കിലും വീണ്ടും ബംഗാൾ താരത്തെ ബോക്‌സിനു പുറത്ത് വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് വിധിച്ചു.
സുപ്രദീപ് കിക്കെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റീ ബോണ്ട് വന്ന പന്തിനെ വീണ്ടും പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഗോൾകീപ്പർ ഹജ്‌സൽകയ്യിലൊതുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരളത്തിന് കൂടുതൽ തിരിച്ചടികളായിരുന്നു. മത്സരം പുരോഗമിക്കവെ 75ാം മിനുട്ടിൽ രണ്ടാം പകുതിയിൽ ബംഗാളിന് അനുകൂലമായി മൂന്നാം ഫ്രീ കിക്കും ലഭിച്ചു.
ബോക്‌സിൽ വീണ പന്തിനെ കേരള താരം ത്രോയിലേക്കടിച്ച് രക്ഷപ്പെടുത്തി. 78ാം മിനുട്ടിൽ നിജോ ഗിൽബർട്ടിനെ പിൻവലിച്ച് സെമി ഫൈനലിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷലിനെ കളത്തിലിറക്കി മത്സരത്തിന്റെ ഗതി മാറ്റാൻ ശ്രമം നടത്തി. 82ാം മിനുട്ടിൽ ബംഗാളിന് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും കിക്ക് കേരള ഗോൾമുഖത്ത് ഭീതി വിതച്ച് പുറത്തേക്ക് പോയി.
രണ്ടാം പകുതിയിൽ 80ാം മിനുട്ടുവരെ കേരളം ഒറ്റ ഷോട്ട് പോലും ബംഗാളിന്റെ പോസ്റ്റിലേക്ക് അടിച്ചിരുന്നു. പിന്നീട് പകരക്കാരനായി കളത്തിലെത്തിയ റോഷലായിരുന്നു അൽപമെങ്കിലും ഗോളിലേക്കുള്ള ശ്രമം നടത്തിയത്. 90ാം മിനുട്ടിൽ മുന്നേറ്റത്തിൽനിന്ന് മുഹമ്മദ് അജ്‌സലിനെ പിൻവലിച്ച് ടി. ഷിജിനെ കളത്തിലിറക്കി. ആറു മിനുട്ടായിരുന്നു അധിക സമയമായി അനുവദിച്ചത്.
ഈ സമയത്തായിരുന്നു കേരളത്തിന്റെ സന്തോഷം കെടുത്തിയ ഗോൾ പിറന്നത്.ഫ്രീ കിക്കിൽനിന്ന് ലഭിച്ച പന്ത് ബംഗാൾ പ്രതിരോധ ഉയർത്തിയടിച്ചു. പന്ത് കൃത്യമായി എത്തിയത് കേരളത്തിന്റെ ബോക്‌സിനടുത്ത്. അവിടനിന്ന് വന്ന പന്ത് കേരളത്തിന്റെ സിക്‌സ് യാർഡ് ബോക്‌സിലെത്തി. ഇവിടെയുണ്ടായിരുന്ന റോബി പന്തിനെ കൃത്യമായ ടാപിന്നിലൂടെ വലയിലെത്തിക്കുകയായിരുന്നു.
സ്‌കോർ 1-0. പിന്നീട് ഗോളടിക്കാൻ കേരളത്തിന് ഊർജം ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ 78ാം സന്തോഷ് ട്രോഫിയിൽ ബംഗാൾ രാജാക്കൻമാരായി. ഒരുമാറ്റവുമായിട്ടായിരുന്നു കേരളം കളത്തിലിറങ്ങിയത്. സെമി ഫൈനലിൽ ചുവപ്പ് കാർഡ് ലഭിച്ച് സസ്‌പെൻഷൻ നേരിട്ട മനോജിന് പകരം ആദിൽ അമലായിരുന്നു ടീമുലുൾപ്പെട്ടത്.