ബെല്ലിങ്ഹാമിൻ്റെ ഫോമിൽ ആശങ്കയിലായി ഇംഗ്ലീഷ് ആരാധകർ
യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് ഇംഗ്ലണ്ട്. എന്നാല്‍ ടീമിന്റെ പ്രകടനത്തില്‍ ആരാധകരൊന്നും തൃപ്തരല്ല. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. മൂന്ന് മത്സരങ്ങളില്‍ നിന്ന് ടീം ആകെ നേടിയത് രണ്ട് ഗോളുകള്‍ മാത്രം. പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യയെയാണ് ടീമിന് നേരിടാനുള്ളത്.
ഇംഗ്ലീഷ് ടീം ഇത്തരത്തില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ചെന്ന് പതിക്കുന്നത് മറ്റാരിലേക്കുമല്ല. റയല്‍ മാഡ്രിഡിന്റെ കുന്തമുന ജൂഡ് ബെല്ലിങ്ഹാമിലേക്ക് തന്നെ. റയലിലെ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ അവിസ്മരണീയ പ്രകടനം നടത്തിയ താരം ടീമിന് ലാലിഗയും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്തിരുന്നു.
ബെല്ലിങ്ഹാമിന്റെ ഈ ഫോം കണ്ട് ഇംഗ്ലീഷ് ആരാധകര്‍ യൂറോ കിരീടം സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. എന്നാല്‍ റയലിലെ ഫോമിന്റെ നിഴലില്‍ പോലുമെത്താത്ത ബെല്ലിങ്ഹാം ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചത് താരത്തിന്റെ ഗോളിലൂടെ തന്നെയായിരുന്നു. എന്നാല്‍ ഡെന്മാര്‍ക്കിനും സ്ലോവേനിയക്കുമെതിരേ നിറംമങ്ങിയ ജൂഡ് ബെല്ലിങ്ഹാമിനെ കാണാനായിരുന്നു ഇംഗ്ലണ്ടുകാരുടെ വിധി.
സ്ലോവേനിയക്കെതിരായ മത്സരത്തില്‍ ബെല്ലിങ്ഹാമിന്റെ പ്രകടനം ഇങ്ങനെയാണ്- ഷോട്ടുകള്‍ പൂജ്യം, അവസരം സൃഷ്ടിക്കല്‍ പൂജ്യം, വിജയകരമായ ടാക്കിളുകള്‍ പൂജ്യം. മുമ്പിലേക്കുള്ള പാസുകള്‍ വെറും 12%, 16 തവണ പന്ത് നഷ്ടപ്പെടുത്തി. റയലിലെ പ്രകടനം കണ്ട് യൂറോ കിരീടം നേടി ബാലന്‍ ഡി ഓര്‍ വരെ സ്വപ്‌നം കണ്ടായിരുന്നു ബെല്ലിങ്ഹാം ജര്‍മനിയിലേക്ക് പറന്നത്.
എന്നാല്‍ ഇത്തരത്തിലാണ് പ്രകടനമെങ്കില്‍ ബാലന്‍ ഡി ഓര്‍ എന്നല്ല, ഇംഗ്ലണ്ടിന്റെ യൂറോ യാത്ര തന്നെ അധികം നീളില്ലെന്ന ആശങ്കയിലാണ് ആരാധകര്‍ .
പ്രീക്വാര്‍ട്ടറില്‍ ബെല്ലിങ്ഹാമിനെ ബെഞ്ചിലിരുത്തണമെന്ന് മുന്‍താരങ്ങളടക്കം ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പരിശീലകന്‍ ഗാരത് സൗത്‌ഗേറ്റ് താരത്തെ കൈവിടുമോയെന്ന് കണ്ടറിയണം. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം.