സ്പാനിഷ് ദേശീയ ടീമിൻ്റെയും ബാഴ്സലോണ എഫ്.സിയുടെയും നിലവിലെ മിന്നും താരമാണ് ലാമിനെ യമാൽ. ഇരു ടീമുകൾക്കുമായി തകർപ്പൻ ഫോമിൽ കളിക്കുന്ന യമാലിനായി ആറു മാസം മുമ്പ് ലഭിച്ച 250 മില്യൺ ഡോളറിന്റെ ഓഫർ നിരസിച്ചതായി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പാനിഷ് സൂപ്പർ താരത്തെ റാഞ്ചാൻ എത്തിയ ക്ലബ്ബിന്റെ പേര് ലാപോർട്ട വെളിപ്പെടുത്തിയില്ലെങ്കിലും, കിലിയൻ എംബാപ്പെയുടെ പകരക്കാരനായി യമാലിനെ സൈൻ ചെയ്യാൻ പി.എസ്.ജി വലിയ തോതിൽ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുണ്ട്.
‘ആറുമാസം മുമ്പ് 250 മില്യൺ ഡോളറിന്റെ ഓഫറുമായി യമാലിനെ സ്വന്തമാക്കാൻ അവർ എന്റെ അടുത്ത് വന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനപ്രിയ ഫുട്‌ബോൾ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. യമാലിന്റെ യഥാർത്ഥ മൂല്യം എന്താണെന്ന് ഞങ്ങൾക്കറിയാം ലാപോർട്ട മാധ്യമങ്ങളോട് പറഞ്ഞു.യമാൽ കളിക്കളത്തിനുള്ളിൽ എത്തിയതു മുതൽ അദേഹത്തിന്റെ മൂല്യം ഉയരുകയാണ്. പരിശീലകൻ സാവി ഹെർണാണ്ടസിന്റെ അഭ്യർത്ഥന പ്രകാരം, 15ാം വയസിൽ ബാഴ്‌സയുടെ സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതോടെയാണ് യമാലിന്റെ ദ്രുതഗതിയിലുള്ള ഉയർച്ച ആരംഭിച്ചത്.
2023 ഏപ്രിലിൽ ബാഴ്‌സക്കായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു, ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി.ശ്രദ്ധേയമായ 2022/23 സീസണിന് ശേഷം, 2023/24 ലെ പ്രീസീസണിനായുള്ള സീനിയർ ടീമിനൊപ്പം ലാമിൻ തുടരുകയും സ്‌ക്വാഡിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. 50 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ഉൾപ്പെടെ ക്ലബ്ബിനായി അദ്ദേഹം ഒന്നിലധികം റെക്കോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ മാസം ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും ഈ കൗമാരക്കാരൻ സ്വന്തമാക്കി.അന്താരാഷ്ട്ര തലത്തിൽ, സ്പാനിഷ് ദേശീയ ടീമിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അവരുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററും ആയി ലാമിൻ മാറി. 2024ലെ സമ്മറിൽ, 16 വയസും 338 ദിവസവും പ്രായമുള്ളപ്പോൾ ക്രൊയേഷ്യക്കെതിരെ സ്‌പെയിനിനായി കളത്തിലിറങ്ങിയപ്പോൾ യൂറോ കപ്പിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി.ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പ് ഫൈനലിൽ സ്പാനിഷ് പടയുടെ വിജയത്തിലേക്കുള്ള വഴിയിൽ ഈ കൗമാരക്കാരന്റെ കാലുകളിലൂടെ റെക്കോർഡുകൾ പിറക്കുകയായിരുന്നു, ഒരു പ്രധാന ടൂർണമെന്റ് ഫൈനലിൽ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറുകയായിരുന്നു ലാമിൻ.