ക്വാർട്ടറിൽ അർജന്റീന ഇക്വഡോർ മത്സരം
കോപാ അമേരിക്ക ടൂർണമെന്റിന്റെ സെമി ഫൈനൽ തേടി ലയണൽ സ്‌കലോനിയുടെ കുട്ടികൾ നാളെ രാവിലെ കളത്തിലിറങ്ങുകയാണ്. ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ജയിച്ച അർജന്റീനക്ക് ഇക്വഡോറാണ് എതിരാളികൾ. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയ ലോക ചാംപ്യൻമാർ രണ്ടാം മത്സരത്തിൽ ചിലിയെയും മൂന്നാം മത്സരത്തിൽ പെറുവിനെയും വീഴ്ത്തി.
നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ ഇക്വഡോറിനെ നേരിടുമ്പോൾ മെസ്സി ആദ്യ ഇലവനിൽ എത്തുമോ എന്നാണ് എല്ലാവരും ആകാംശയോടെ ഉറ്റുനോക്കുന്നത്. പരുക്കേറ്റത് കാരണം ഗ്രൂപ്പ് ഘട്ടത്തിലെ പെറുവിനെതിരേയുള്ള മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. എന്നാൽ രണ്ട് ദിവസമായി പരിശീലനം നടത്തിയ മെസ്സി പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
അതിനാൽ നാളെ ഇക്വഡോറിനെതിരേ താരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. ഇക്വഡോറിനെ നേരിടുമ്പോൾ അർജന്റീനക്ക് ചെറിയ ആത്മവിശ്വാസമുണ്ട്. കാരണം കോപക്ക് മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ ഒരു ഗോളിന് വീഴ്ത്തിയിരുന്നു. ജൂൺ പത്തിനായിരുന്നു ആ മത്സരം നടന്നത്.
അന്ന് 40ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ ഗോളിലായിരുന്നു അർജന്റീന ജയിച്ചു കയറിയത്. ഗ്രൂപ്പ്ഘട്ടത്തിൽ ഒറ്റ ഗോൾപോലും വഴങ്ങാതെയാണ് അർജന്റീന ക്വാർട്ടർ വരെ എത്തിയത്. ഗ്രൂപ്പ് ബിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഇക്വഡോർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. അർജന്റീനയും ഇക്വഡോറും ഇതുവരെ 40 മത്സരത്തിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്.
അതിൽ കൂടുതൽ മത്സരത്തിലും അർജന്റീനക്കൊപ്പമായിരുന്നു ജയം. 24 മത്സരത്തിലും അർജന്റീന ജയിച്ചപ്പോൾ വെറും അഞ്ചു മത്സരത്തിൽ മാത്രമായിരുന്നു ഇക്വഡോർ ജയിച്ചത്. ബാക്കി മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. ഇക്വഡോറിനെതിരേ അർജന്റീന അവസാനമായി കളിച്ച അഞ്ചു മത്സരത്തിലും ലോക ചാംപ്യന്മാർക്കൊപ്പം തന്നെയായിരുന്നു ജയം. അതിനാൽ നാളത്തെ മത്സരത്തിൽ മെസ്സിക്കും സംഘത്തിനും ആത്മവിശ്വാസത്തോടെ കളിക്കാനാകും.