പാപുവ ന്യൂഗിനിയയെ അഫ്ഗാൻ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി
ടി20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് സൂപ്പര്‍ എട്ടിലേക്ക് ടിക്കറ്റെടുത്ത് അഫാഗാൻ. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് അഫ്ഗാന്‍ ഗ്രൂപ്പ് സിയില്‍ നിന്ന് സൂപ്പര്‍ എട്ട് ഉറപ്പിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട വമ്പന്മാരായ ന്യൂസിലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കിവികള്‍ക്കൊപ്പം മൂന്ന് വീതം മത്സരങ്ങളില്‍ നിന്ന് ഒരു ജയമുള്ള ഉഗാണ്ടയും പാപുവ ന്യൂ ഗിനിയയും സൂപ്പര്‍ എട്ട് കാണാതെ പുറത്തായി.നേരത്തെ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് സിയില്‍ നിന്ന് സൂപ്പര്‍ എട്ട് ഉറപ്പിച്ചിരുന്നു.
പാപുവ ന്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റിലെ മൂന്നാം ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ടായി. മറപടിക്കിറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 36 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നായ്ബ് ആണ് അഫ്ഗാനെ അനായാസം വിജയത്തിലെത്തിച്ചത്. മുഹമ്മദ് നബി 16 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുര്‍ബാസ്(11), ഇബ്രാഹിം സര്‍ദ്രാന്‍(0), അസ്മത്തുള്ള ഒമര്‍സായി(13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാപു ന്യൂ ഗിനിയയെ ഫസലുള്ള ഫാറൂഖിയാണ് തകര്‍ത്തത്. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. 2.5 ഓവറില്‍ വെറും രണ്ട് റണ്‍സ് വഴങ്ങി നവീനുല്‍ ഹഖ് രണ്ട് വിക്കറ്റും വീഴ്ത്തി. നൂര്‍ അഹ്മദ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ നാലു പേര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.
പാപുവ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത കിപ്ലിന്‍ ഡോറിഗയാണ് ടോപ് സ്‌കോറര്‍. ടോണി ഉറ(11), അലൈ നാവോ(13) എന്നിങ്ങനെയാണ് രണ്ടക്കം കടന്നവരുടെ സ്‌കോറുകള്‍.