Shopping cart

  • Home
  • Cricket
  • ലോകകപ്പിൽ കങ്കാരു ഫ്രൈ: ഓസീസിനെ തീര്‍ത്ത് അഫ്ഗാന്‍
Cricket

ലോകകപ്പിൽ കങ്കാരു ഫ്രൈ: ഓസീസിനെ തീര്‍ത്ത് അഫ്ഗാന്‍

അഫ്ഗാൻ
Email :154

ടി20 ലോകകപ്പ് സെമി മോഹവുമായെത്തിയ ആസ്‌ത്രേലിയയെ പഞ്ഞിക്കിട്ട് അഫ്ഗാന്‍. സൂപ്പര്‍ എട്ട് മത്സരത്തില്‍ 21റണ്‍സിനാണ് ഓസീസ് അഫ്ഗാനു മുന്നില്‍ അടിയറവ് പറഞ്ഞത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഗുലാബ്ദിന്‍ നായിബ് ആണ് കങ്കാരുക്കളെ തകര്‍ത്തത്.

ഓസീസിന്റെ ജയത്തോടെ സെമിയിലെത്താമെന്ന ഇന്ത്യന്‍ മോഹവും ഇതോടെ പൊലിഞ്ഞു. നാളെ നടക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ മത്സരം ഇതോടെ നിര്‍ണായകമായി.
ടി20 ലോകകപ്പില്‍ പാറ്റ് കമ്മിന്‍സ് ഹാട്രിക്കില്‍ ചരിത്രം രചിച്ച മത്സരത്തിലാണ് ഓസീസ് അഫ്ഗാനു മുന്നില്‍ തകര്‍ന്നത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ആസ്‌ത്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് എല്ലാവരും പുറത്തായി. 41 പന്തില്‍ 59 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതായതാണ് ഓസീസിന് തിരിച്ചടിയായത്.

149 റണ്‍സിലേക്ക് ബാറ്റേന്തിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പേ ട്രാവിസ് ഹെഡിനെ മടക്കി നവീനുല്‍ ഹഖ് കംഗാരുക്കളെ ഞെട്ടിച്ചു. അധികം വൈകാതെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയും (9 പന്തില്‍ 12) ഡേവിഡ് വാര്‍ണറെയും നഷ്ടമായ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാക്‌സ്വെല്‍ ഒരുവശത്ത് ഉറച്ചു നിന്നതോടെ മത്സരം ഓസീസിനൊപ്പമായി. മാര്‍കസ് സ്റ്റോയിനിസ് (17 പന്തില്‍ 11), ടിം ഡേവിഡ് (4 പന്തില്‍ 2), മാത്യു വേഡ് (7 പന്തില്‍ 5), പാറ്റ് കമ്മിന്‍സ് (9 പന്തില്‍ 3), ആഷ്ടന്‍ ആഗര്‍(5പന്തില്‍2), ആദം സാപ ( പന്തില്‍ ) ജോഷ് ഹെയ്‌സല്‍ വുഡ് ( പന്തില്‍ ) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത അഫ്ഗാന്‍ ഓപ്പണര്‍മാരുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. എന്നാല്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച അഫ്ഗാനെ ഡെത്ത് ഓവറുകളിലെ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ ഓസീസ് പിടിച്ചുകെട്ടുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ഹാട്രിക് പ്രകടനവും വന്നതോടെയാണ് അഫ്ഗാന്‍ 150ന് താഴെ ഒതുങ്ങിയത്.

49 പന്തില്‍ 60 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ്‌സ്‌കോറര്‍. നാല് വീതം സിക്‌സറുകളും ഫോറുകളും അടങ്ങുന്നതാണ് ഗുര്‍ബാസിന്റെ ഇന്നിങ്‌സ്. മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്‌റാന്‍ 48 പന്തില്‍ 51 റണ്‍സെടുത്തു. ആറു ഫോറുകളുള്‍പ്പെടുന്നതായിരുന്നു സദ്‌റാന്റെ ഇന്നിങ്‌സ്. എന്നാല്‍ മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.
അസ്മതുല്ല ഒമര്‍സായി (3 പന്തില്‍ 2), കരീം ജന്നത്ത് (9 പന്തില്‍ 13), റാഷിദ് ഖാന്‍ (5 പന്തില്‍ 2), മുഹമ്മദ് നബി (4 പന്തില്‍ 10)*, ഗുലാബ്ദിന്‍ നായിബ് (1 പന്തില്‍ 0), നങ്ങയേലിയ ഖരോട്ടെ (1 പന്തില്‍)* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. കമ്മിന്‍സിനു പുറമെ ഓസീസിനായി ആദം സാംപ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിയാണ് കമ്മിന്‍സ് മത്സരത്തില്‍ റെക്കോഡിട്ടത്. ടി20 ലോകകപ്പില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമായി ഇതോടെ കമ്മിന്‍സ് മാറി.
അഫ്ഗാനെതിരേ 18ാം ഓവറിന്റെ അവസാന പന്തില്‍ റാഷിദ് ഖാനെ പുറത്താക്കിയ കമ്മിന്‍സ്, 20ാം ഓവറിന്റെ ആദ്യ പന്തില്‍ കരിം ജന്നത്തിനെയും രണ്ടാം പന്തില്‍ ഗുലാബ്ദിന്‍ നായിബിനെയും മടക്കിയാണ് ഹാട്രിക് തികച്ചത്. ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ സൂപ്പര്‍ എട്ട് മത്സരത്തിലും കമ്മിന്‍സ് ഹാട്രിക് നേടിയിരുന്നു. മഹ്മദുല്ല, മെഹ്ദി ഹസന്‍, തൗഹീദ് ഹൃദോയ് എന്നിവരെ പുറത്താക്കിയാണ് അന്ന് താരം ഹാട്രിക് തികച്ചത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അഫ്ഗാനെതിരേ കമ്മിന്‍സിന്റെ പ്രകടനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts