കോപാ ഡെൽറേയിൽ റയൽ മാഡ്രിഡിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഡെപ് മിനറെയാണ് റയൽ തോൽപ്പിച്ചത്. മത്സരത്തിൽ 67 ശതമാനവും പന്ത്‌കൈവശം വെച്ച് കളിച്ച റയൽ മാഡ്രിഡ് ആധികാരിക ജയമായിരുന്നു നേടിയത്. 33 ഷോട്ടുകളായിരുന്നു റയൽ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ 21 ഷോട്ടുകൾ ഓൺ ടാർഗറ്റാവുകയും ചെയ്തു.
എന്നാൽ എതിർ ടീം നാലു ഷോട്ടുകൾ മാത്രമേ റയലിന്റെ ഗോൾമുഖം ലക്ഷ്യമാക്കി അടിച്ചുള്ളു. അതിൽ ഒന്ന് മാത്രമാണ് ഓൺ ടാർഗറ്റായത്. അഞ്ചാം മിനുട്ടിൽ ഫെഡറിക്കോ വാൽവർദേയുടെ ഗോളിലായിരുന്നു റയൽ ഗോൾവേട്ടക്ക് തുടക്കമിട്ടത്. മത്സരം പുരോഗമിക്കവെ ഹെഡറിലൂടെ എഡ്വാഡോ കാമവിഗയും റയലിനായി ലക്ഷ്യം കണ്ടു. 13ാം മിനുട്ടിലായിരുന്നു താരത്തിന്റെ ഗോൾ.
28ാം മിനുട്ടിൽ ആർദ ഗൂലറിന്റെ ഗോൾകൂടി വന്നതോടെ ആദ്യ പകുതിയിൽ റയൽ മൂന്ന് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിനായി ഗോൾ നേടിയതോടെ സ്‌കോർ 4-0 എന്നായി. പിന്നീട് മത്സരത്തിന്റെ 88ാം മിനുട്ടിലായിരുന്നു അഞ്ചാം ഗോൾ മിനറയുടെ വലയിലെത്തിയത്. ആർദ ഗൂലറായിരുന്നു അഞ്ചാം ഗോൾ നേടിയത്.