ഒാസീസ് മികച്ച ലീഡിലേക്ക്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം ആവേശക്കൊടുമുടിയിലെത്തിയിരിക്കുകയാണ്. നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്കു മുന്നില്‍ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇന്ത്യക്കുമുന്നില്‍ കുറിക്കാനിരിക്കുന്നത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ 9ന് 228 റണ്‍സ് എടുത്തുനില്‍ക്കുന്ന ഓസീസിന് നിലവില്‍ 333 റണ്‍സിന്റെ ലീഡുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ മെല്‍ബണില്‍ ഒരു ടീം പിന്തുടര്‍ന്നു ജയിച്ച ഏറ്റവും വലിയ സ്‌കോര്‍ 258 ആണ് എന്നതാണ് ഇന്ത്യന്‍ ആരാധരുടെ ചങ്കിടിപ്പേറ്റുന്നത്. നാളെ ഇനി ഓസീസ് ബാറ്റിങ് തുടരുമോ എന്നാണ് കണ്ടറിയേണ്ടത്. ഒരു ദിനം മാത്രം ബാക്കിയിരിക്കെ ഇന്ത്യയെ അതിവേഗം ബാറ്റിങ്ങിനിറക്കാനായിരിക്കും കമ്മിന്‍സിന്റെ ശ്രമം.
വാലറ്റമാണ് ഓസീസിനെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത്. നതാന്‍ ലിയോണ്‍ (41), സ്‌കോട്ട് ബോളണ്ട് (10) എന്നിവരാണ് ക്രീസില്‍. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ആറിന് 96 എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് ഓസീസ് തിരിച്ചുവന്നത്.
139 പന്തില്‍ 3 ബൗണ്ടറികളോടെ 70 റണ്‍സ് നേടിയ ലബൂഷനെയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 90 പന്തില്‍ 4 ബൗണ്ടറികളോടെ 41 റണ്‍സ് നേടി. ഉസ്മാന്‍ ഖവാജ 21 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 24 ഓവറില്‍ 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 22 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 14 ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
105 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.