Shopping cart

  • Home
  • Champions League
  • ഇംഗ്ലണ്ട് ഭരിക്കുന്ന ഈജിപ്ഷ്യൻ രാജാവ്
Champions League

ഇംഗ്ലണ്ട് ഭരിക്കുന്ന ഈജിപ്ഷ്യൻ രാജാവ്

മുഹമ്മദ് സലാഹ്
Email :41

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുഹമ്മദ് സലാഹിൻ്റെ സർവാധിപത്യം

സൗന്ദര്യം കൊണ്ട് ലോകം കീഴടക്കിയ ഈജിപ്ഷ്യന്‍ റാണിയാണ് ക്ലിയോപാട്ര. ചക്രവര്‍ത്തികളെയും രാജാക്കന്മാരെയും തന്റെ സൗന്ദര്യത്താല്‍ വശീകരിച്ച് ഭരണം കൈയാളിയിരുന്ന ക്ലിയോപാട്രയെപോലെ അവളുടെ നാടും കാഴ്ചക്കാരെ വശീകരിക്കുമെന്നാണ് യാത്രികര്‍ പറയാറുള്ളത്. ആ ക്ലിയോപാട്രയുടെ നാട്ടില്‍ നിന്നൊരാള്‍ ഇന്ന് കാല്‍പന്ത് മികവ് കൊണ്ട് ലോകത്തെ വശീകരിക്കുകയാണ്. ലോകഫുട്‌ബോളിന്റെ നടുമുറ്റമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റെക്കോഡുകളുടെ തോഴനായി വാഴുന്ന മുഹമ്മദ് സലാഹ് എന്ന മുപ്പത്തിരണ്ടുകാരന്റെ കളിമികവില്‍ വശീകരിക്കപ്പെടുകയാണ് ഫുട്‌ബോള്‍ ലോകം.
മുഹമ്മദ് സലാഹ് ഹാമിദ് മഹ്‌റസ് ഗാലി, ഈജിപ്ഷ്യന്‍ ഗ്രാമമായ നാഗ്രിഗില്‍ നിന്ന് വളര്‍ന്നുവന്ന അയാളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചക്രവര്‍ത്തി.

സീസണില്‍ സ്വപ്‌നക്കുതിപ്പ് തുടരുന്ന ലിവര്‍പൂളിന്റെ ചാലകശക്തി ആരെന്ന ചോദ്യത്തിന് ആര്‍ക്കും രണ്ടുത്തരമില്ല. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ പകുതിയോടടുക്കുമ്പോള്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയിലും കൂടുതല്‍ അസിസ്റ്റ് നല്‍കിയവരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തുള്ളത് ഒരേ പേരാണ്, മുഹമ്മദ് സലാഹ്. പ്രീമിയര്‍ ലീഗ് സീസണില്‍ 16 ഗോളുകളാണ് താരം ഇതുവരെ അടിച്ചു കൂട്ടിയിട്ടുള്ളത്. രണ്ടാമതുള്ള സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടിന് ഇതുവരെ നേടാനായത് 13 ഗോളുകളാണ്. 11 അസിസ്റ്റുകളും ഈ സീസണ്‍ പ്രീമിയര്‍ ലീഗില്‍ സലാഹ് നല്‍കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് കിരീടം ഈ സീസണില്‍ മറ്റാരും കിനാവ് കണേണ്ടതില്ല എന്ന സന്ദേശമാണ് സലാഹ് തന്റെ പ്രകടനം കൊണ്ട് നല്‍കുന്നത്. ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ക്രിസമസിനു മുമ്പ് ഗോളിലും അസിസ്റ്റിലും രണ്ടക്കം കടക്കുന്ന ആദ്യ താരമെന്ന നേട്ടവും ഈ ഈജിപ്ഷ്യന്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലെസ്റ്ററിനെ പരാജയപ്പെടുത്തിയപ്പോഴും ഗോള്‍പട്ടികയില്‍ സലാഹിന്റെ പേരുണ്ടായിരുന്നു. അതിനു മുമ്പ് നടന്ന ടോട്ടനത്തിനെതിരായ മത്സരത്തില്‍ ഇരട്ടഗോളുകളും അസിസ്റ്റുകളുമാണ് താരം സ്വന്തം പേരില്‍ ചെര്‍ത്തത്. അങ്ങനെ ലിവര്‍പൂളിന്റെ ഓരോ മത്സരങ്ങളിലും തന്റെ പേര് തുന്നിച്ചേര്‍ത്താണ് സലാഹ് കുതിപ്പ് തുടരുന്നത്. ചാംപ്യന്‍സ് ലീഗ് സീസണിലെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
2017ല്‍ ടീമിലെത്തിയ സലാഹ് 374 മത്സരങ്ങളില്‍ നിന്ന് 230 ഗോളുകളാണ് ഇതുവരെ ലിവര്‍പൂളിനായി നേടിയിട്ടുള്ളത്. ലിവര്‍പൂളിന്റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരില്‍ നാലാമതെത്താനും ഇതിനിടെ സലാഹിനായി. 228 ഗോള്‍ നേടിയിരുന്ന സ്‌കോട്ടിഷ് ഇതിഹാസം ബില്ല ലിഡെലിനെയാണ് താരം മറികടന്നത്. 241 ഗോളുള്ള ഗോര്‍ഡന്‍ ഹോഡ്‌ഗോസനെയും നിലവിലെ ഫോമില്‍ സലാഹ് അതിവേഗം മറികടക്കുമെന്നുറപ്പ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇതുവരെ 280 മത്സരങ്ങളില്‍ നിന്ന് 173 ഗോളുകള്‍ അടിച്ചുകൂട്ടാനും സലാഹിനായി. മൂന്ന് സീസണുകളിലാണ് താരം പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 2017-18, 2018-19, 2021-22 സീസണുകളിലായിരുന്നു സലാഹിന്റെ നേട്ടം. 2017-18ല്‍ ടൂര്‍ണമെന്റിന്റെ താരമാകാനും സലാഹിനായി.
17 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. 17ല്‍ 13 മത്സരങ്ങളിലും ജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ലിവര്‍പൂളിന് തൊട്ടുപിന്നില്‍ കുതിച്ചിരുന്ന ചെല്‍സിയും കഴിഞ്ഞ മത്സരത്തില്‍ പരാജയം രുചിച്ചതോടെ ലിവര്‍പൂളിനെ പിടിച്ചുകെട്ടാന്‍ മറ്റു ടീമുകള്‍ ഇനി പാടുപെടുമെന്നുറപ്പ്.
ഇതിനിടെ ലിവര്‍പൂളിലെ സലാഹിന്റെ കരാര്‍ ക്ലബ് പുതുക്കാത്തത് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനമെന്നും അതിലാണ് ശ്രദ്ധയെന്നുമാണ് സലാഹിന്റെ നിലപാട്. തന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഈ വര്‍ഷത്തെ കിരീടനേട്ടമെന്നാണ് സലാഹ് ലെസ്റ്ററിനെതിരായ മത്സരശേഷം പറഞ്ഞത്. ആര്‍നെ സ്ലോട്ടെന്ന ഡച്ച് പരിശീലകന്‍ തന്റെ ഈജിപ്ഷ്യന്‍ വജ്രായുധത്തെ മുന്നില്‍ നിര്‍ത്തി ഈ കിരീടം ആന്‍ഫീല്‍ഡിലെ കാണികള്‍ക്ക് കാഴ്ചവെക്കുന്ന ദിവസത്തിനായി കാത്തിരിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts