മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കൊടും തണുപ്പിലും നിതീഷ് കുമാറിന്റെ പിതാവ് മുത്യാല റെഡ്ഡി ഇരുന്ന് വിയർക്കുന്നതായിരുന്നു ഇന്നലെ കാമറകൾ ഫോക്കസ് ചെയ്തത്. ഒരു ദശാബ്ദക്കാലം താൻ വിയർപ്പുകൊണ്ട് തുന്നിയ കുപ്പായമിട്ട് മകൻ നിതീഷ് കുമാർ റെഡ്ഡി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റവും വലിയ എതിരാളികൾക്കെതിരേ
ഏറ്റവും നിർണായക സമയത്ത് സെഞ്ചുറി നേടിയത് കണ്ടുകൊണ്ടായിരുന്നു ഏറ്റവും വലിയ തണുപ്പിലും ആ പിതാവ് വിയർക്കാൻ കാരണം. മകന്റെ സെഞ്ചുറി കണ്ടിരിക്കുന്ന ഏതൊരു പിതാവിനും അഭിമാനിക്കാനുള്ള സുന്ദര നിമിഷം. തന്റെ മകനെ ക്രിക്കറ്ററാക്കണമെന്ന മോഹത്താൽ ജോലി പോലും ഉപേക്ഷിച്ച മുത്യാലക്ക് മകൻ ഇതിലും മികച്ചൊരു സമ്മാനം ഇനി നൽകാനില്ല.
നിതീഷ് സെഞ്ചുറിയിലേക്ക് നീങ്ങുമ്പോൾ കാമറകളെല്ലാം ഫോക്കസ് ചെയ്തത് മുത്യാലയുടെ മുഖമായിരുന്നു. കാരണം നിതീഷിന്റെ ഓരോ റണ്ണിനും നെഞ്ചുപൊട്ടി പ്രാർഥിക്കുന്ന മുത്യാലയുടെ ത്യാഗം കൂടി ചേർന്നതാണ് മെൽബണിൽ പിറന്ന സെഞ്ചുറി. ഏറ്റവും കഠിനമായ പാതയിലൂടെ സഞ്ചരിച്ച മുത്യാല തന്റെ മകൻ ക്രിക്കറ്റിന്റെ നെറുകയിൽ നിൽക്കുന്നത് നിറകണ്ണുകളോടെയാണ്
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സ്‌റ്റേഡിയത്തിൽ ഇരുന്ന് കാണുമ്പോൾ ഓർമകൾ ഒരു ദശാബ്ദം പിറകിലേക്ക് സഞ്ചരിച്ചിട്ടുണ്ടാകും.വിശാഖപ്പട്ടണത്തെ ഹിന്ദുസ്ഥാൻ സിങ്കിൽ ജോലി ചെയ്യുകയായിരുന്ന മുത്യാലക്ക് 2012ലായിരുന്നു ഉദയ്പൂരിലെക്ക് ടാൻസ്ഫർ ഓർഡർ ലഭിച്ചത്. എന്നാൽ മകന്റെ ക്രിക്കറ്റ് പരിശീലനം മതിയാക്കി ഉദയ്പുരിലേക്ക് പോകാൻ തയ്യാറാകാതിരുന്ന മുത്യാല ജോലി രാജിവെച്ച് മുഴുവൻ സമയും മകന് വേണ്ടി ചിലവഴിച്ചു.
പലപ്പോഴും പരിശീലനത്തിനായി മകനെ ദൂരെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകേണ്ടിവന്നു. ജോലി ഇല്ലാതെ ബുദ്ധിമുട്ടിയെങ്കിലും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആ പിതാവ് എല്ലാം മറക്കുകയായിരുന്നു. കൂട്ടിന് കട്ടസപ്പോർട്ടുമായി ഭാര്യ മാനസ ജ്യോത്സന കൂടി കൂടെ നിന്നതോടെ എല്ലാം സ്മൂത്തായിരുന്നു. പലപ്പോഴും പരിശീലകൻ നിതീഷിന് കളി വശമില്ലെന്ന്
പറഞ്ഞ് നിരാശപ്പെടുത്തിയപ്പോഴും തളരാൻ തയ്യാറാകാത്താ മുത്യാല തന്നെയാണ് ഇന്നലെ മെൽബണിൽ പിറന്ന സെഞ്ചുറിക്ക് പിന്നിലെ യതാർഥ അവകാശി. പരിശീലനം ദിനചര്യയാക്കിയ നിതീഷ് കുമാർ അണ്ടർ 14 ജില്ലാ ടീമിലായിരുന്നു ആദ്യം ഇടം കണ്ടെത്തിയത്. അവിടെ മിന്നും പ്രകടനം കാഴ്ചപ്പെച്ച താരം പിന്നീട് സൺറൈസേഴ്‌സ് ഹൈദരാബാദിലായിരുന്നു എത്തിയത്.
അവിടെ നിന്ന് എമേർജിങ് താരത്തിനുള്ള അവാർഡ് വാങ്ങിയ നിതീഷ് കൂടുതൽ ഓഫറുകൾ വന്നെങ്കിലും അവിടെതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് അഭയം നൽകിയ ക്ലബിനൊപ്പം തുടരാനായിരുന്നു നിതീഷിന്റെ തീരുമാനം. ദേശീയ ക്രിക്കറ്റ് അക്കാദമയിൽ ഹർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങളുടെ കൂട്ടായിരുന്നു നിതീഷിന്റെ വളർച്ചയിൽ കരുത്തായത്.
നിതീഷ് ഇന്നലെ 90 റൺസ് പിന്നിട്ടതിന് ശേഷം പിന്നീട് പത്ത് റൺസ് കൂട്ടിച്ചേർത്തതിന് പത്തു മണിക്കൂർ നീണ്ട കാത്തിരിപ്പ് പോലെ തോന്നി. വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ചായിരുന്നു നിതീഷ് സെഞ്ചുറിയിലേക്ക് നീങ്ങിയത്. എന്നാൽ 50ാം റൺസിൽ സുന്ദർ വീണതോടെ നിതീഷിന്റെ സെഞ്ചുറി മോഹത്തിന് മേൽ കരിനിഴൽവീണു. പിന്നീട് ക്രീസിലെത്താനുള്ളത് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും.
ഇരുവരും ക്രീസിൽ എത്ര പന്ത് നിൽക്കുമെന്ന് ഒരു നിശ്ചയവുമില്ല. അതിനിടെ ബുംറയുടെ വിക്കറ്റും നഷ്ടമാകുന്നു. മുത്യാല റെഡ്ഡിയുടെ മുഖത്ത് നിരാശയുടെ പുകപടലം നിറയുന്നു. നിതീഷ് കുമാർ ശാന്തനായി ക്രീസിലും. പിന്നീട് സിറാജായിരു എത്തിയത്. ഏറ്റവും നിർണായകമായ പാറ്റ് കമ്മിൻസിന്റെ മൂന്ന് പന്തുകളെ അതിജീവിച്ച സിറാജ് സ്‌ട്രൈക്ക് നിതീഷിന് കൈമാറുന്നു.
ഒരുപക്ഷെ സിറാജ് എടുത്ത വിക്കറ്റുകളേക്കാൾ എല്ലാവരും ഓർക്കുക സിറാജ് പ്രതിരോധിച്ച ആ മൂന്ന് പന്തുകളെയാകും. പിന്നീടെത്തിയ സ്‌കോട്ട് ബോളണ്ടിനെ ബൗണ്ടറിയടിച്ചായിരുന്നു നിതീഷ് ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തിയത്. ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളികൾക്കെതിരേ ഏറ്റവും ബുദ്ധിമുട്ടുള്ള പൊസിഷനിൽ സെഞ്ചുറി നേടിയ നിതീഷ് ചരിത്രവും കൊണ്ടായിരുന്നു ഇന്നലെ ഗ്രൗണ്ടിൽനിന്ന് മടങ്ങിയത്.
ഇത് കണ്ട് ആനന്ദക്കണ്ണീർ പൊഴിച്ച മുത്യാല റെഡ്ഡിയും മെൽബണിലെ കാണികളും ഒന്നടങ്കം വിളിച്ചു പറയുന്നുണ്ടായിരുന്നു വെൽഡൻ നിതീഷ് വെൽഡൺ.