സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാനെ വീഴ്ത്തി എഫ്.സി ഗോവ. 2-1 എന്ന സ്‌കോറിനായിരുന്നു ഗോവയുടെ ജയം. മത്സരത്തിൽ 59 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് മോഹൻബഗാനായിരുന്നെങ്കിലും മത്സരത്തിൽ ജയിക്കാനായില്ല. ബ്രിസൻ ഫെർണാണ്ടസിന്റെ ഇരട്ട ഗോളായിരുന്നു ഗോവക്ക് കരുത്തായത്. 12,68 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ.
12ാം മിനുട്ടിൽ ബ്രിസന്റെ ഗോൾ വന്നതോടെ ഗോവ മുന്നിട്ടുനിന്നു. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ബഗാൻ ജീവൻമരണ പോരാട്ടം നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോവ ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ബാഗാന്റെ ആശ്വാസ ഗോൾ പിറന്നത്. കിക്കെടുത്ത ദിമിത്രിയോസ് പെത്രാറ്റോസ് പന്ത് വലയിലെത്തിച്ചതോടെ സ്‌കോർ 1-1 എന്നായി.
സമനിലയിലായതോടെ മത്സരത്തിന് ആവേശം വർധിച്ചു. 68ാം മിനുട്ടിൽ മികച്ചൊരു ഹെഡറിലൂടെ ബ്രിസൺ പന്ത് വീണ്ടും ബഗാന്റെ വലയിലെത്തിച്ച് സ്‌കോർ 2-1 എന്നാക്കി. ഗോൾ മടക്കാനായി ബഗാൻ പല താരങ്ങളേയും മാറ്റി നോക്കിയെങ്കിലും ഗോവയുടെ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. 13 ഷോട്ടുകളായിരുന്നു ബഗാൻ ഗോവയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ മൂന്ന് എണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. തോറ്റെങ്കിലും 12 മത്സരത്തിൽനിന്ന് 26 പോയിന്റുള്ള ബഗാൻ പട്ടികിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരത്തിൽനിന്ന് 22 പോയിന്റുള്ള ഗോവ മൂന്നാം സ്ഥാനത്തും തുടരുന്നു.