ലാലിഗിയിൽ റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയോടായിരുന്നു റയൽ മാഡ്രിഡ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് റയൽ മാഡ്രിഡിന് തിരിച്ചടിയായത്. മത്സരത്തിൽ 64 ശതനാവും പന്ത് കൈവശംവെച്ച് കളിച്ചത് റയലായിരുന്നു.
എന്നാൽ മത്സരത്തിൽ ജയം നേടാൻ അവർക്കായില്ല. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. 53ാം മിനുട്ടിൽ അലയാന്ദ്രോ റെമിറോയായിരുന്നു ബിൽബാവോക്കായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ഊർജം കൈവരിച്ച അത്‌ലറ്റിക് ക്ലബ് ശക്തമായ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. കിട്ടിയ അവസരത്തിലെല്ലാം കൗണ്ടർ അറ്റാക്കുമായി അവർ കളംവാണ് കളിച്ചു.
68ാം മിനുട്ടിൽ അന്റോണിയോ റൂഡിഗനെ ഫൗൾ ചെയ്തതിന് റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത എംബാപ്പെക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. അടുത്തിടെ ചാംപ്യംൻസ് ലീഗൽ ലിവർപൂളിനെതിരായ മത്സരത്തിലും എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഒടുവിൽ 78ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളിൽ റയൽ സമനില പിടിച്ചു.
പിന്നീട് വിജയഗോളിനായി ഇരു ടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നു. എന്നാൽ 80ാം മിനുട്ടിൽ ഗോർക്ക ഗുരുസേറ്റയുടെ ഗോളിൽ അത്‌ലറ്റിക് ക്ലബ് മുന്നിലെത്തുകയായിരുന്നു. 15 മത്സരത്തിൽനിന്ന് 33 പോയിന്റുള്ള റയൽ മാഡ്രിഡ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 16 മത്സരത്തിൽനിന്ന് 37 പോയിന്റുള്ള ബാഴ്‌സലോണ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
” ആ പിഴവിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. മത്സരത്തിൽ ഏറ്റവും മികച്ചത് നൽകിയിരുന്നു. എന്നാൽ മത്സരത്തിലെ ആ പിഴവ് ന്യായീകരിക്കാൻ കഴിയില്ല, തീർച്ചയായും തിരിച്ചുവരും” മത്സരശേഷം എംബാപ്പെ വ്യക്തമാക്കി.