പ്രൊഫഷനല്‍ ഫുട്‌ബോളില്‍നിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക. സൂപ്പര്‍ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്നലെ മലപ്പുറം എഫ്.സിക്ക് വേണ്ടി കളത്തിലിറങ്ങിയ ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപനം. ഈ സീസണില്‍ മലപ്പുറം എഫ്.സിയുടെ നായകനായിരുന്നു.
2017 ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിനായി 21 മത്സരങ്ങള്‍ കളിച്ചു. 2019 ജനുവരി 15ന് അദ്ദേഹം ബഹ്‌റൈനെതിരെ ഷാര്‍ജയിലെ ഷാര്‍ജ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. അന്താരാഷ്ട്ര കരിയറില്‍ കളിച്ച നാലു മത്സരങ്ങളും വിജയിക്കാനായി. കംബോഡിയ, മ്യാന്മര്‍, നേപ്പാള്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ് കളിച്ചത്.
2007 ല്‍ മുംബൈ ടീമിനായി ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണല്‍ ഫുടബോളിലേക്കുള്ള കടന്നുവരവ്. 2011 വരെ മുംബൈക്കൊപ്പം ഐ ലീഗ് കളിച്ച താരം 2011 മുതല്‍ 2015 വരെ പുണെക്ക് വേണ്ടി കളത്തിലിറങ്ങി. ഐ ലീഗില്‍ മികച്ച പ്രതിരോധ താരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ക്ലബുകള്‍ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഡല്‍ഹി ഡൈനാമോസിനായി ബൂട്ടണിഞ്ഞ് തുടങ്ങിയ അനസ പിന്നീട് മോഹന്‍ ബഗാന്‍, ജംഷഡ്പൂര്‍ തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.