യുവേഫാ ചാംപ്യൻസ് ലീഗിൽ വമ്പൻമാർ ഇന്ന് കളത്തിലിറങ്ങു. മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിവരാണ് ഇന്ന് മത്സരത്തിനെത്തുന്നത്. രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ അറ്റ്‌ലാന്റയും സെൽറ്റികും തമ്മിലാണ് പോരിനിറങ്ങുന്നത്. അറ്റ്‌ലാന്റയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബ്രസ്റ്റും ബയർ ലെവർകൂസനും തമ്മിലാണ് പോരിനിറങ്ങുന്നത്.
പ്രീമിയർ ലീഗ് കരുത്തൻമാരായ ലിവർപൂൾ ജർമൻ ക്ലബായ ആർ.ബി ലെപ്‌സിഗിനെയാണ് നേരിടുന്നത്. രാത്രി 12.30ന് ലെപ്‌സിഗിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇതുവരെയുള്ള രണ്ട് മത്സരവും ജയിച്ചാണ് ലിവർപൂൾ എത്തുന്നത്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് സ്പാർട്ട പ്രാഹയാണ് എതിരാളികൾ. ശക്തരല്ലാത്ത എതിരാളികളായതിനാൽ അനായാസം ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് സിറ്റി എത്തുന്നത്. രത്രി 12.30ന് ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.
രാത്രി 12.30ന് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ക്ലാസിക് പോരാട്ടം നടക്കുന്നത്. സ്വന്തം തട്ടകത്തിൽ ബയേൺ മ്യൂണിക്കിനെയാണ് ബാഴ്‌സലോണ നേരിടുന്നത്. ശക്തമായ ഫോമിൽ നിൽക്കുന്ന ബാഴ്‌സലോണക്ക് മ്യൂണിക്കിനെ വീഴ്ത്താൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലാലിഗ ശക്തികളായ അത്‌ലറ്റിക്കോ മാഡ്രിഡ് ഫ്രഞ്ച് ക്ലബായ ലില്ലെയെ നേരിടും.