അൽ ഹിലാലിന്റെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തിരിച്ചെത്തുന്നു. ഏറെ നാളായി പരുക്കിന്റെ പിടിയിലായിരുന്ന നെയ്മർ അൽ ഹിലാലിന്റെ അടുത്ത മത്സരത്തിൽ കളത്തിലിറങ്ങുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ നൽകുന്ന വിവരം. ഒക്ടോബർ 21ന് ഏഷ്യൻ ചാംപ്യൻസ് ലീഗിൽ അൽ ഐനെതിരേയുള്ള മത്സരത്തിൽ അൽ ഹിലാലിന് വേണ്ടി നെയ്മർ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇപ്പോൾ അൽ ഹിലാലിന്റെ ആസ്ഥാനത്ത് കഠിന പരിശീലനത്തിലേർപ്പെട്ട നെയ്മറിന്റെ പരുക്ക് ഏറെക്കുറെ പൂർണമായും മാറിയിട്ടുണ്ടെന്ന് അൽ ഹിലാലിന്റെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 2023ൽ സഊദിയിലെ അൽ ഹിലാലിനൊപ്പം ചേർന്ന നെയ്മർ സഊദി ക്ലബിനായി അഞ്ചു മത്സരത്തിൽ മാത്രമേ കളിച്ചിട്ടുള്ളു. ഇത്രയും മത്സരത്തിൽനിന്നായി ഒരു ഗോളും മൂന്ന് അസിസ്റ്റും നെയ്മർ നേടിയിട്ടുണ്ട്.
2023 ഒക്‌ടോബർ 3ന് ഇറാന്റെ എഫ്.സി നസ്സാജി മസന്ദരനെതിരെയായിരുന്നു അൽ ഹിലാലിനായി അദ്ദേഹം അവസാനമായി കളിച്ചത്. ആ മത്സരത്തിന് ശേഷം, അദ്ദേഹം ബ്രസീലിയൻ ദേശീയ ടീമിനൊപ്പം ചേർന്നിരുന്നു. തുടർന്നായിരുന്നു നെയ്മറിന് പരുക്കേറ്റത്. പിന്നീട് ഒരു വർഷത്തോളമായി നെയ്മർ കളത്തിന് പുറത്താണ്. വരും ദിവസങ്ങളിൽ പരുക്കിന്റെ കാര്യത്തിൽ അന്തിമ വിലയിരുത്തൽ നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
അടുത്ത മാസം ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എന്തായാലും നെയ്മർ കളിക്കുമെന്ന് നേരത്തെ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആറു മത്സരത്തിൽനിന്ന് 18 പോയിന്റുള്ള അൽ ഹിലാൽ തന്നെയാണ് ഇപ്പോൾ സഊദി പ്രോ ലീഗിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.