സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കോരിച്ചൊരിയുന്ന മഴയായിരുന്നെങ്കിലും ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തിന്റെ ആവേശം കെട്ടില്ല. അവസാന മിനുട്ട് വരെ ആവേശം അലതല്ലിയ മോഹൻ ബഗാൻ-മുംബൈ സിറ്റി മത്സരം സമനിലയിലായിരുന്നു അവസാനിച്ചത്. 2-2 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മോഹൻ ബഗാന് രണ്ട് ഗോളിന്റെ ലീഡുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്നായിരുന്നു മുംബൈ സിറ്റി സമനില പിടിച്ചത്. പോസ്റ്റിന് മുന്നിൽ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒൻപതാം മിനുട്ടിൽ തന്നെ മുംബൈയുടെ പോസ്റ്റിൽ സെൽഫ് ഗോൾ വീണതോടെ മോഹൻ ബഗാൻ മുന്നിലെത്തി.
ഒരു ഗോളിന്റെ ലീഡ് നേടിയതോടെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച മോഹൻ ബഗാൻ തുടരെ മുംബൈയുടെ ഗോൾ മുഖം അക്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഗോൾ മടക്കാൻ മുംബൈയും കിണഞ്ഞു ശ്രമിച്ചു. മത്സരം പുരോഗമിക്കവെ 28ാം മിനുട്ടിൽ മോഹൻ ബഗാൻ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഊട്ടി ഉറപ്പിച്ചു. ആൽബർട്ടോ റോഡ്രിഗസായിരുന്നു രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ വഴങ്ങിയെങ്കിലും തളരാൻ തയ്യാറാകാത്ത മുംബൈ രണ്ടാം പകുതിയിൽ പുതിയ ഊർജവുമായിട്ടായിരുന്നു തിരിച്ചെത്തിയത്. രണ്ടാം പകുതിയിൽ 70ാം മിനുട്ടിലായിരുന്നു മുംബൈയുടെ ആദ്യ ഗോൾ വന്നത്. ലൂയിസ് അറോയോയായിരുന്നു ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ആത്മിവിശ്വാസം വീണ്ടെടുത്ത മുംബൈ സമനില ഗോളിനായി പൊരുതിക്കൊണ്ടിരുന്നു. ഒടുവിൽ അവർ അതിന്റെ ഫലം നേടുകയും ചെയ്തു. 90ാം മിനുട്ടിൽ മുംബൈ സമനില ഗോൾ നേടി. തെയർ ക്രൗമയായിരുന്നു സമനില ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും പൊരുതി നോക്കിയെങ്കിലും ഗോളൊന്നും പിറക്കാത്തതിനാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഗോകുലം കേരള വിട്ട് മുംബൈ സിറ്റിയിലെത്തിയ മലയാളി താരം മുഹമ്മദ് നൗഫൽ ഇന്നലെ കളത്തിലിറങ്ങി. ആദ്യ ഇലവനിൽ ഉൾപ്പെട്ടില്ലെങ്കിലും പകരക്കാരനായി കളത്തിലെത്തിയ നൗഫൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
ഇന്ന് രണ്ട് മത്സരം
ഭൂവനേശ്വർ: ഐ.എസ്.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയും ഒഡിഷയും തമ്മിലാണ് പോരാട്ടം. ഒഡിഷ എഫ്.സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയും ബംഗളൂരുവും തമ്മിൽ കൊമ്പുകോർക്കും. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.