ഫുട്‌ബോൾ ആസ്വാദർക്ക് നിരാശ സമ്മാനിച്ച് തങ്ങളുടെ ആദ്യ മത്സരത്തിൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ ഹോം മത്സരം നടക്കുന്ന തിരുവോണദിനത്തിൽ സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ചതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. തിരുവോണ ദിവസം സ്റ്റേഡിയം സ്റ്റാഫുകളുടെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് നടപടിയെന്നാണ് വിശദീകരണം.
സ്റ്റേഡിയം സ്റ്റാഫുകൾ അടക്കമുള്ളവരുടെ ജോലി മത്സരം തുടങ്ങുന്നതിനും മുമ്പേ ആരംഭിക്കും. തലേ ദിവസം രാത്രിയിൽ തുടങ്ങുന്ന ജോലി മത്സര ശേഷവും അർധരാത്രിയോളം നീളും. സ്റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ ഈ തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിക്കുവാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്‌റ്റേഡിയത്തിൽ ജോലി ചെയ്യുന്ന കൂടുതൽ പേർക്കും വീടുകളിൽ ഓണാഘോഷത്തിൽ പങ്കെടുക്കേണ്ടതിനാൽ മത്സര ദിവസം പകുതി പേർ മാത്രമേ സ്റ്റേഡിയത്തിൽ ജോലിക്കെത്തു.
ഇതിനെ തുടർന്നാണ് കപാസിറ്റി കുറക്കാൻ തീരുമാനിച്ചത്. മത്സരങ്ങളുടെ ഷെഡ്യൂളിംഗ് നടപടികൾ ക്ലബിന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമായതിനാൽ, ഇക്കാര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നത് കമ്യൂണിറ്റിക്ക് പരമാവധി അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത് മാത്രമാണ്. ആരംഭമത്സരത്തിന്റെ ആവേശവും ഓണാഘോഷത്തിന്റെ പ്രാധാന്യവും ഒരുപോലെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം.
ആരാധകരുടെ പിന്തുണയെ ഞങ്ങൾ എപ്പോഴും വിലമതിക്കുന്നു നിങ്ങൾക്കൊപ്പം ആവേശകരമായ ഒരു സീസണിനായി ഞങ്ങളും കാത്തിരിക്കുന്നതായും ബ്ലാസ്‌റ്റേഴ്‌സ പ്രസ്താവനയിൽ പറഞ്ഞു.
സീറ്റിങ്ങ് കപ്പാസിറ്റി പകുതിയാക്കിയതോടെ സീസണിലെ തങ്ങളുടെ ടീമിന്റെ ആദ്യമത്സരം നേരിട്ടുകാണാനുള്ള ആരാധകരുടെ ആഗ്രഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. എല്ലാ സീസണുകളിലും സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ആരാധകരുടെ മധ്യത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ മത്സരങ്ങൾ തുടങ്ങാറ്.
ഇത്തവണ തിരുവോണത്തോടുബന്ധിച്ച് അടുപ്പിച്ച് അവധികൾ ഉള്ളതിനാൽ മത്സരം കാണാനായി ആരാധകർ കൂട്ടത്തോടെ ഒഴുകിയെത്തേണ്ടതായിരുന്നു. എന്നാൽ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ആരാധകരെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്.