ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനം. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസികളിലും ആഭ്യന്തര ലീഗുകളിലും മൊയിന്‍ അലി തുടര്‍ന്നും കളിക്കും.
‘എനിക്ക് 37 വയസായി. ഈ മാസം നടക്കാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയിലേക്ക് എന്നെ തെരഞ്ഞെടുത്തില്ല. ഞാന്‍ ഇംഗ്ലണ്ടിനായി ഒരുപാട് കാലം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇപ്പോള്‍ അടുത്ത തലമുറയ്ക്കുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഇതാണ് വിരമിക്കാനുള്ള യഥാര്‍ഥ സമയം എന്ന് എനിക്ക് തോന്നി. എനിക്ക് വളരെ അഭിമാനമുണ്ട്,’ മോയിന്‍ അലി ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.
2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ ടീമിലെയും 2022 ലെ അവരുടെ ടി20 ലോകകപ്പിലെ വിജയത്തിലെയും നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു മൊയിന്‍ അലി. ഇക്കഴിഞ്ഞ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു മോയിന്‍ അലി അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്.
2014 ലാണ് താരം ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 68 ടെസ്റ്റ് മത്സരങ്ങളില്‍ 118 ഇന്നിങ്‌സുകളില്‍ നിന്ന് 3084 റണ്‍സാണ് മോയിന്‍ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 15 അര്‍ധസെഞ്ച്വറികളും താരം ടെസ്റ്റില്‍ സ്വന്തമാക്കി.
ഏകദിനത്തില്‍ 138 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 2355 റണ്‍സും നേടി. ടി20യില്‍ 92 മത്സരങ്ങളില്‍ കളിച്ച താരം 1229 റണ്‍സും സ്വന്തമാക്കി. ആറ് അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.