യുവേഫ ചാംപ്യന്‍സ് ലീഗിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 9.30മുതലാണ് നറുക്കെടുപ്പ്. നിരവധി മാറ്റങ്ങളുമായാണ് യുവേഫ ഇത്തവണ ചാംപ്യന്‍സ് ലീഗ് സീസണിനൊരുങ്ങുന്നത്. പതിവിനു വിപരീതമായി 32 രണ്ട് ടീമുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ക്ക് കൂടി അവസരമൊരുക്കിയാണ് പുതിയ സീസണ്‍ ചാംപ്യന്‍സ് ലീഗ് നടക്കുക. ഇതോടെ 36 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ ഇല്ല എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പകരം ഓരോ ടീമും പ്രാഥമിക റൗണ്ടില്‍ എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഓരോ മത്സരം വീതം കളിക്കും. ഇതില്‍ നാലെണ്ണം ഹോം മത്സരവും നാലെണ്ണം എവേ മത്സരങ്ങളുമായിരിക്കും.
തുടര്‍ന്ന് പോയിന്റ് ടേബിളില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഒന്‍പത് മുതല്‍ 24 വരെ സ്ഥാനങ്ങളില്‍ വരുന്നവര്‍ പ്ലേ ഓഫ് കളിക്കണം. ഇതില്‍ നിന്ന് എട്ട് ടീമുകളും അവസാന പതിനാറിലേക്ക് കടക്കും.
ഗ്രൂപ്പ് സ്റ്റേജില്‍ ഓരോ ടീമിനുമുള്ള എതിരാളികളെയാണ് ഇന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കുക. ഇത് ഹോം മത്സരമാണോ എവേ മത്സരമാണോ എന്നും ഇതിലൂടെ തീരുമാനമാകും. സോണി സ്‌പോര്‍ട്‌സ് നെറ്റ്വവര്‍ക്കിലും സോണി ലൈവിലും നറുക്കെടുപ്പ് തത്സമയം കാണാം.