പ്രഥമ കേരള സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കൊമ്പൻസ് ഇന്ന് ഗോവയിലേക്ക് തിരിക്കും. പരിശീലനത്തിനും സൗഹൃദമത്സരങ്ങൾക്കുമായാണ് കൊമ്പൻസ് ഗോവയിലേക്ക് പുറപ്പെടുന്നത്. ഗോവയിൽ പരിശീലനത്തിന് ശേഷം മൂന്ന് സൗഹൃദ മത്സരങ്ങൾ കൊമ്പൻമാർ കളിക്കും. തുടർന്ന് സൂപ്പർ ലീഗ് കേരളയിലെ ആദ്യത്തെ മത്സരത്തിനായി കൊമ്പൻമാർ നേരിട്ട് ഗോവയിൽ നിന്നും കോഴിക്കോടെത്തും.
സെപറ്റംബർ 10ന് കാലിക്കറ്റ് എഫ്.സിയുമായിട്ടാണ് ലീഗിലെ കൊമ്പൻമാരുടെ ആദ്യ മത്സരം. ഗോവൻ യാത്ര ടീമിന് വളരെ ഉപകാരപ്രദമാകുമെന്ന് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയുടെ മുഖ്യ പരിശീലകൻ സെർജിയോ അലെക്‌സാൻന്ദ്രേ പറഞ്ഞു. ‘ഗോവയിൽ തങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളുമായി കളിക്കാനുള്ള അവസരം ലഭിക്കും.
കേരളം മികച്ച കളിക്കാരുടെ ഇടമാണെന്നും ടീമിൽ പ്രതീക്ഷകളുണ്ടെന്നും സെർജിയോ അലെക്‌സാൻന്ദ്രേ പറഞ്ഞു. ഗോൾകീപ്പർ ഉൾപ്പെടെ ആറ് ബ്രസീലിയൻ താരങ്ങളാണ് ടീമിലുള്ളത്. ടീമിലെ ഏറ്റവും മുതിർന്ന അനുഭവ സമ്പന്നനായ മുപ്പത്തിനാലുകാരനായ ഓട്ടേമെർ ബിസ്‌പോ തന്റെ ഒമ്പത് വർഷത്തെ കരിയറിൽ സഊദി അറേബ്യ, ബഹറിൻ, ജോർദാൻ, ലിബിയ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.
ബ്രസീലിൽ അദ്ദേഹം ജീനസിനും ക്ലബ് അത്‌ലറ്റിക്കോ റോൺഡോനിയൻസെയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. 20 വയസുള്ള ഡേവി കുൻഹുവാണ് ടീമിലിടംപിടിച്ച പ്രായം കുറഞ്ഞ ബ്രസീലിയലിയൻ താരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള താരങ്ങൾക്കുപുറമെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളും ടീമിലുണ്ട്.