ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരക്കാണ് ഇന്ന് രാത്രി ഏഴിന് തുടക്കമാകുന്നത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
പുതിയ നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തില്‍ ആദ്യ മത്സരത്തിനാണ് ടീം ഇന്ത്യ തയ്യാറെടുക്കുന്നത്. ടി20 ലോകകപ്പോടെ രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാറിനെ ടി20 ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്.
ശുഭ്മാന്‍ ഗില്ലായിരിക്കും വൈസ്‌ക്യാപ്റ്റന്‍. സിംബാബ് വെയില്‍ നടന്ന പരമ്പര ഗില്ലിന്റെ നായകത്വത്തില്‍ ഇന്ത്യന്‍ യുവനിര 4-1ന് സ്വന്തമാക്കിയിരുന്നു.
ടി20 പരമ്പരക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നുണ്ട്. ഏകദിനത്തില്‍ രോഹിത് ശര്‍മയാകും ഇന്ത്യന്‍ സംഘത്തെ നയിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും താരം ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമല്ല. യുവതാരങ്ങളായ റിങ്കു സിങ്, റിയാന്‍ പരാഗ്, ഓള്‍ റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും നീലപ്പടയിലെ നിറസാന്നിധ്യങ്ങളാണ്. ബൗളര്‍മാരായി അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയി, ഖലീല്‍ അഹ്മദ് എന്നിവരാണ് ടീമിലുള്‍പ്പെട്ടിട്ടുള്ളത്. മറുവശത്ത് ടി20 ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തിനു ശേഷം മികച്ച തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക.