Shopping cart

  • Home
  • Cricket
  • യു.എ.ഇയെയും വീഴ്ത്തി – ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾ മുന്നോട്ട്
Cricket

യു.എ.ഇയെയും വീഴ്ത്തി – ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾ മുന്നോട്ട്

Email :55

യു.എ.ഇയെ അനായാസം കീഴടക്കി വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 201 എന്ന റെക്കോഡ് സ്‌കോര്‍ നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. വെടിക്കെട്ട് പ്രകടനം നടത്തിയ റിച്ച ഘോഷിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടി20യില്‍ ഇന്ത്യന്‍ വനിതാ ടീം ആദ്യമായാണ് 200 കടക്കുന്നത്. റിച്ച ഘോഷ് 29 പന്തില്‍ ഒരു സിക്‌സും 12 ഫോറും അടക്കം 64 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഹര്‍മന്‍ 47 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടിയാണ് പുറത്തായത്.
രാങ്കിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ യുഎ.ഇയുടെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 123 റണ്‍സില്‍ അവസാനിച്ചു.
ആദ്യം ബാറ്റിങ്ങിനിറങ്ങി തുടക്കത്തില്‍ ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടെങ്കിലും റിച്ച- ഹര്‍മന്‍ കൂട്ടുകെട്ടില്‍ കരകയറുകയായിരുന്നു. രണ്ടാം ഓവറില്‍ സ്മൃതി മന്ദാനയെ പറഞ്ഞയച്ച് യു.എ.ഇ ഇന്ത്യയെ ഞെട്ടിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു താരം നേടിയത്. പിന്നീട് 18 പന്തില്‍ 37 റണ്‍സ് നേടിയ ഷിഫാലി വര്‍മയെ സമൈറ ദാമിദാര്‍ക്ക പുറത്താക്കിയപ്പോള്‍ ദയാലന്‍ ഹേമലത രണ്ട് റണ്‍സിന് കൂടാരം കയറി. ഇതോടെ 53ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന് ഇന്ത്യ തകര്‍ച്ചയെ മുഖാമുഖം കണ്ടെങ്കിലും റിച്ചയും ഹര്‍മനും കരകയറ്റുകയായിരുന്നു. ജെമീമ റോഡ്രിഗസ് (14), ഹേമലത (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. യു.എ.ഇക്കായി കവിഷ എഗോദഗെ രണ്ട് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ.ക്കായി ഓപ്പണറും ക്യാപ്റ്റനുമായ ഇഷ രോഹിത് ഒസയും (36 പന്തില്‍ 38) കവിഷ എഗോദഗെയും (32 പന്തില്‍ പുറത്താവാതെ 40) പൊരുതിനോക്കി. നാലോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തിയ തനൂജ കന്‍വാറും മികച്ചുനിന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരേ മിന്നും ജയം നേടിയിരുന്നു. നാളെ നേപ്പാളിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts