മത്സരിച്ച തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലും കിരീടം. തുടര്‍ച്ചയായ നാലാം ഫൈനലിലും കിരീടം, അവസാന അഞ്ച് വര്‍ഷങ്ങളില്‍ പരാജയങ്ങളേക്കാള്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീം. ഇതിനുമപ്പുറം ഇനി ഒരു ദേശിയ ടീം എന്തു നേടാനാണ്. ലയണല്‍ മെസിയുടെയും ലയണല്‍ സ്‌കലോണിയുടെയും അര്‍ജന്റീനന്‍ ടീം ഇന്നെത്തി നില്‍ക്കുന്ന നിലയാണിത്. ഏതു ടീമിനെയും അസൂയപ്പെടുത്തുന്ന ഈ നേട്ടങ്ങള്‍ക്കു പിറകില്‍ ഒത്തിരി കണ്ണൂനീരുകള്‍ വീണിട്ടുണ്ട്. ഇന്ന് ആ നീലക്കുപ്പായക്കാര്‍ വരിവരിയായി നേടുന്ന ഓരോ കിരീടത്തിനും ആ കണ്ണുനീരിന്റെ ഉപ്പുരസമുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം വരെ ഇന്ന് കാണുന്ന ഒരു അര്‍ജന്റീന ഉണ്ടായിരുന്നില്ല. കിരീട വരള്‍ച്ചയാല്‍ പരിഹാസങ്ങളേറ്റു വാങ്ങുന്ന ഒരു സംഘം. ക്ലബ് ഫുട്‌ബോളില്‍ നേടാനുള്ളതെല്ലാം നേടിയിട്ടും രാജ്യത്തിന് വേണ്ടി ഒന്നും നേടാത്തവനെന്ന പേരു ദോഷവുമായി നടക്കുന്ന മെസിയുടെ സംഘം, അതായിരുന്നു അന്നത്തെ അര്‍ജന്റീന. 2014 ലോകകപ്പ് ഫൈനലില്‍ എ്‌സ്ട്രാ ടൈമിലെ പരാജയം. ടൂര്‍ണമെന്റിലെ താരമായ മെസി തലകുനിച്ച് മടങ്ങുന്നത് നിറക്കണ്ണുകളോടെയാണ് അന്ന് ഫുട്‌ബോള്‍ ലോകം കണ്ടത്. തൊട്ടടുത്ത വര്‍ഷം കോപാ അമേരിക്ക ഫൈനലിലും മെസിപ്പട കിരീടം അടിയറവെച്ചു. 2016ലും തുടര്‍ക്കഥ തന്നെ. കോപാ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിട്ടില്‍ പരാജയം. പെനാല്‍റ്റി പാഴാക്കി പൊട്ടിക്കരഞ്ഞ് കളം വിട്ട മെസിയെ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. തോല്‍വിയോടെ എല്ലാം മടുത്ത മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. മെസിക്ക് പിറകെ പ്രമുഖ താരങ്ങളെല്ലാം ദേശീയ ജഴ്‌സി അഴിക്കുകയാണെന്ന പ്രഖ്യാപനുവും വന്നു. എല്ലാം അവസാനിച്ചു, ഇനി ഈയടുത്തൊരു തിരിച്ചുവരവില്ല എന്ന നിലയിലായി അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ അവരാണ് ഇപ്പോള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ ടീം വാരിക്കൂട്ടുന്ന കിരീടങ്ങള്‍ കണ്ട് ആനന്ദ നൃത്തമാടുന്നത്.
ഈ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം മാറിമറിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു സംഘമായി സ്‌കലോണി അവരെ മാറ്റി.
2019ലെ കോപ്പ അമേരിക്കയില്‍ സെമിഫൈനലില്‍ പുറത്തായതിനു ശേഷം, പിന്നീട് കളിച്ച എല്ലാ ടൂര്‍ണമെന്റിലും അര്‍ജന്റീന ചാംപ്യന്മാരാണ്. പിന്നീട് അവര്‍ തോല്‍വിയറിഞ്ഞിട്ടുള്ളത് 2022 ഖത്തര്‍ ലോകകപ്പില്‍ സഊദി അറേബ്യയോട് മാത്രവും. ഇതിനിടിയില്‍ നേടിയ കിരീടങ്ങള്‍ നാലെണ്ണമാണ് എന്നതാണ് അത്ഭുതം. ഇനി 2026 ലോകകപ്പാണ് അവര്‍ക്കുമുന്നിലുള്ളത്. അതിനിടയില്‍ സ്‌പെയിനിനെതിരേ ഫൈനലീസിമയും വരുന്നുണ്ട്. കാത്തിരിക്കാം നിലക്കാത്ത അര്‍ജന്റീനിയന്‍ തേരോട്ടത്തിനായി.