ഉറുഗ്വെക്ക് മൂന്നാം സ്ഥാനം
കോപാ അമേരിക്കൻ ടൂർണമെന്റിന്റെ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം പൂർത്തിയായി. ഇന്ന് കാനഡയും ഉറുഗ്വെയും തമ്മിൽ നടന്ന മത്സരത്തിൽ പെനാൽറ്റിയിൽ കാനഡയെ വീഴ്ത്തിയായിരന്നു ഉറുഗ്വെ ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായത്. എന്നാൽ ഉറുഗ്വെ മൂന്നാം സ്ഥാനം നേടുന്നതിന് കാരണക്കാരനായ അവരുടെ ഇതിഹാസ താരമായ ലൂയീസ് സുവാരസ് പുതിയ റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർത്താണ് മടങ്ങുന്നത്.
മത്സരത്തിന്റെ നിശ്ചിത സയമത്ത് ഇരു ടീമുകളും രണ്ട് ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞിരിക്കുകയായിരുന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ റോഡ്രിഗോ ബെന്റക്വറിന്റെ ഗോളിൽ ഉറുഗ്വെയായിരുന്നു മുന്നിലെത്തിയത്. എന്നാൽ 22ാം മിനുട്ടിൽ ഇസ്മയിൽ കോനെയുടെ ഗോളിൽ കാനഡ സമനില പിടിച്ചു. ജയത്തിനായി ഇരു ടീമുകളും പൊരുതിക്കൊണ്ടിരിക്കെ 80ാം മിനുട്ടിൽ ജോനാഥൻ ഡേവിഡന്റെ ഗോളിൽ കാനഡ മുന്നിലെത്തി.
കാനഡ കോപയിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു എന്ന് തോന്നിക്കുന്ന നിമിഷത്തിലായിരുന്നു സുവാരസ് ഉറുഗ്വെയുടെ രക്ഷകനായി അവതരിച്ചത്. 92ാം മിനുട്ടിൽ ഉറുഗ്വെയുടെ സമനിലഗോൾ. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. പെനാൽറ്റിയിൽ കാനഡയുടെ രണ്ട് കിക്കുകൾ പാഴായതായിരുന്നു ഉറുഗ്വക്ക് ജയത്തിലേക്കുള്ള വാതിൽ തുറന്നത്. ഇസ്മായിൻ കോനെയുടെയും അൽഫോൻസോ ഡേവിസിന്റെയും കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഇതോടെ ഉറുഗ്വെ വിജയിച്ചു കയറുകയായിരുന്നു. ഉറുഗ്വെ മൂന്നാം സ്ഥാനം നേടിയതടെ ലൂയീസ് സുവാരസ് രണ്ട് റെക്കോർഡുകളായിരുന്നു സ്വന്തം പേരിൽ എഴുതിച്ചേർത്തത്. കോപാ അമേരിക്കൻ ടൂർണമെന്റിലും ഉറുഗ്വെക്ക് വേണ്ടിയും ഗോൾ നേടുന്ന പ്രായംകൂടിയ താരമെന്ന നേട്ടമായിരുന്നു സുവാരസ് സ്വന്തമാക്കിയത്. 37 വയസും അഞ്ച് മാസവും ഉള്ളപ്പോഴാണ് സുവാരസ് ഉറുഗ്വെക്കായി ഗോൾ നേടി റെക്കോഡ് സൃഷ്ടിച്ചത്.
അർജന്റീനൻ താരമായിരുന്ന എയ്ഞ്ചൽ ലാബ്രുനയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഗോൾ നേടിയതോടെ സുവാരസ് 142 മത്സരത്തിൽനിന്ന് 69 രാജ്യന്തര ഗോളുകൾ സ്വനതം പേരിൽ എഴുതിച്ചേർക്കുകയും ചെയ്തു. ഒരുപക്ഷെ സുവരാസിന്റെ രാജ്യന്തര ജഴ്‌സിയിലെ അവസാന മത്സരമായിക്കാം ഇത്. അത് അവിസ്മരണീയമാക്കി മടങ്ങാൻ അദ്ദേഹത്തിന് സാധിച്ചു.