തായ്ലൻഡിൽ നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. പട്ടായ എഫ്.സിക്കെതിരേ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. പട്ടായ സ്പോട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽതന്നെ ഒരു ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന മഞ്ഞപ്പട ഗോൾ മടക്കി മത്സരം സമനിലയിലാക്കാനുള്ള കഠിനശ്രമം നടത്തി.
എന്നാൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് പൊരുതുന്നതിനിടെ എഫ്.സി പട്ടായയുടെ രണ്ടാം ഗോളും വന്നു. രണ്ട് ഗോൾ പോസ്റ്റിലെത്തിയെങ്കിലും പതറാത്ത ബ്ലാസ്റ്റേഴ്സ് ശക്തമായ നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചു. ഒടുവിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തി. എന്നാൽ പിന്നീട് സമനില ഗോൾ നേടാനുള്ള സമയം ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല.
അപ്പോഴേക്കും മത്സരം അവസാനത്തോടടുത്തിരുന്നു. ഇവാൻ വുകമനോവിച്ചിന് പകരക്കാരനായി പരിശീലക വേഷത്തിലെത്തിയ മൈക്കിൾ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു മഞ്ഞപ്പട കളത്തിലിറങ്ങിയത്. മിഡ്ഫീൽഡ് ജനറർ അഡ്രിയാൻ ലൂണ തായ്ലൻഡിലെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഇല്ലാതെയായിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഉടൻ തന്നെ പരിശീലനം തുടങ്ങുന്ന ലൂണ അടുത്ത സന്നാഹ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങും. തായ്ലൻഡിൽ ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരംകൂടി കളിക്കും.