ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് ട്രോഫി അനാവരണം ചെയ്തു
ഇന്ത്യയിലെ ഫുട്‌ബോൾ നിലവാരം ഉയർത്താൻ എല്ലാ ഫുട്‌ബോൾ പ്രേമികളും ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ന് രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ 2024ലെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് ട്രോഫി അനാവരണം ചെയ്തു സംസാരിക്കവെയായിരുന്നു രാഷ്ടപതി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂറൻഡ് കപ്പ് ട്രോഫിക്കൊപ്പം പ്രസിഡൻറ്‌സ് കപ്പ്, ഷിംല ട്രോഫി എന്നിവയും രാഷ്ട്രപതി അനാവരണം ചെയ്തു.
‘ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിലൊന്നാണ് ഫുട്‌ബോളെന്നും ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ പ്രൊഫഷനൽ ഫുട്‌ബോൾ താരങ്ങൾ കളിക്കുമ്പോൾ, കളിക്കാരുടെയും കാണികളുടെയും ആവേശം പതിൻമടങ്ങ് വർദ്ധിക്കുന്നുവെന്നും ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു’ 2024ലെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാർക്കും രാഷ്ട്രപതി ആശംസകൾ നേർന്നു.
വിജയിച്ചാലും പരാജയപ്പെട്ടാലും ആരോഗ്യകരമായ മത്സരം ഉണ്ടാകണമെന്നും മറ്റ് ടീമുകളെ ബഹുമാനിക്കണമെന്നും അവർ കളിക്കാരോട് ആവശ്യപ്പെട്ടു. ചില സമയങ്ങളിൽ, ഗെയിമിൽ പെട്ടെന്നുള്ള പ്രേരണകളും അനിയന്ത്രിത ആവേശവും മറ്റും ഉണ്ടാകാറുണ്ടെങ്കിലും കളിക്കാർ അവരുടെ അത്തരം വികാരങ്ങൾ നിയന്ത്രിച്ചു കൊണ്ട് ഗെയിമിൽ മികച്ച പ്രകടനം നടത്താൻ പരമാവധി ശ്രമിക്കണം, എല്ലാ കളിക്കാരും നിശ്ചയദാർഢ്യത്തോടെയും ആവേശത്തോടെയും കളിക്കുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.