യുവേഫ യൂറോ കപ്പിൽ ആദ്യ സെമി ഫൈനൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കരുത്തരായ ഫ്രാൻ സും സ്പെയിനും തമ്മിലാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 മുതലാണ് മത്സരം ആരംഭിക്കുക. പോർച്ചുഗലിനെതിരായ ക്വാർട്ടർ മത്സരത്തിൽ സസ്‌പെൻഷൻ മൂലം പുറത്തിരുന്ന ആന്ദ്രേ റാബിയട്ട് ഇന്ന് ഫ്രഞ്ച് നിരയിൽ തിരിച്ചെത്തും. മത്സരത്തിന് മുമ്പായി സ്പെയിനിന്റെ കൗമാര താരം ലാമിൻ യമാലിനെ കുറിച്ച് റാബിയാട്ട് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതു വരെ കളിച്ചത് പോലെയല്ല ടീമിനെ ഫൈനലിലെത്തിക്കാൻ യമാൽ ഇതിലും വലുത് ചെയ്യണമെന്നാണ് റാബിയട്ട് പറയുന്നത്.
‘യമാൽ സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള താരമാണ്. ക്ലബ് തലത്തിലും ദേശിയ തലത്തിലും അവൻ കഴിവ് തെളിയിച്ചിട്ടുമുണ്ട്. എന്നാൽ, യൂറോ കപ്പ് പോലൊരു മേജർ ടൂർണമെന്റിൽ സെമിഫൈനൽ അവന് മുന്നിൽ സങ്കീർണ്ണമാവും. ഇവിടെ നിന്ന് ജയിച്ച് ടീമിനെ ഫൈനലിലെത്തിക്കാൻ അവൻ ഇതു വരെ പുറത്തെടുത്ത പ്രകടനം മതിയാവില്ല’ റാബിയട്ട് പറഞ്ഞു.
16-കാരനായ ബാഴ്‌സ താരം ലാമിൻ യമാൽ സ്പെയിനിന്റെ അഞ്ച് മത്സരങ്ങളിലും സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടംനേടിയിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
ജർമ്മനിക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡാനി ഓൾമോയുടെ ഗോളിന് നൽകിയ അസിസ്റ്റ് ഉൾപ്പെടെ മൂന്ന് അസിസ്റ്റുകൾ ഈ യൂറോയിൽ താരം നേടിയിട്ടുണ്ട്. സെമിയിലും മികവ് തുടർന്ന് യമാൽ ടീമിനെ കലാശപ്പോരിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ആരാധകർ. റാബിയട്ടിന്റെ വെല്ലുവിളിക്ക് കളത്തിൽ മറുപടി നൽകാനുള്ള ഒരുക്കത്തിലാവും യമാൽ.