വിനീഷ്യസ് ബ്രസീലിനായി കളിക്കില്ല
കോപാ അമേരിക്ക ഫുട്ബോളിന്റെ സെമി ഫൈനൽ തേടി രാവിലെ 6.30ന് കരുത്തരായ ബ്രസീൽ ഉറുഗ്വയെ നേരിടാനിരിക്കുകയാണ്. ശക്തരായ ഉറുഗ്വയെ വീഴ്ത്താൻ ഏറ്റവും മികച്ചനിര തന്നെയാരും ബ്രസീൽ നാളെ കളത്തിലിറക്കുക. മുന്നേറ്റനിരയിൽ വിനീഷ്യസ് ജൂനിയർ ഇല്ലാതെയാണ് കാനറികൾ ഉറുഗ്വെക്കിതിരേ ഇറങ്ങുന്നത്.
ഇത് ബ്രസീലിന് കനത്ത ക്ഷീണം ചെയ്യും. രണ്ട് മഞ്ഞക്കാർഡുകൾ കണ്ടത് കൊണ്ടാണ് വിനീഷ്യസിന് നാളത്തെ മത്സരം നഷ്ടമാവുക. ഗ്രൂപ്പ് ഡിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ബ്രസീൽ ക്വാർട്ടറിൽ പ്രവേശിച്ചത്. മൂന്ന് മത്സരത്തിൽ രണ്ട് സമനിലയും ഒരു ജയവുമാണ് കാനറികളുടെ നേട്ടം. ആദ്യ മത്സരത്തിൽ കോസ്റ്റ റിക്കയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ബ്രസീൽ രണ്ടാം മത്സരത്തിൽ പരാഗ്വക്കെതിരേ 4-1ന്റെ ജയമായിരുന്നു നേടിയത്.
എന്നാൽ മൂന്നാം മത്സരത്തിൽ ബ്രസീലിന് വീണ്ടും സമനില വഴങ്ങേണ്ടി വന്നു. 1-1 എന്ന സ്കോറിന് കൊളംബിയയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചത്. നാളത്തെ ബ്രസീലിന്റെ എതിരാളികൾ അത്ര ചില്ലറക്കാരല്ല. യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി കളിക്കുന്ന ഒരുപിടി താരങ്ങളുമായി പരിശീലകൻ മാഴ്സലോ ബിയൽസക്ക് കീഴിലാണ് ഉറുഗ്വെ ഇറങ്ങുന്നത്.
ഗ്രൂപ്പ് സിയിൽ നടന്ന മൂന്ന് മത്സരത്തിലും ജയിച്ച ഉറുഗ്വെ ഒൻപത് പോയിന്റ് നേടിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. അതിനാൽ ഉറുഗ്വയെ ഇന്ന് തോൽപിക്കണമെങ്കിൽ ബ്രസീലിന് കഠിനപ്രയത്നം തന്നെ പുറത്തെടുക്കേണ്ടി വരും. വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി പുതുമുഖ താരം എൻട്രിക്കിന് ഒരുപക്ഷെ ഇന്ന് നറുക്ക് വീണേക്കും. എന്നാൽ പരിചയക്കുറവുള്ള താരത്തെ ആദ്യ ഇലവനിൽ പരിഗണിക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുണ്ട്. ഉറുഗ്വെക്കിതിരേ ബ്രസീൽ അവസാനമായി കളിച്ച അഞ്ചു മത്സരത്തിൽ നാലെണ്ണത്തിലും ബ്രസീലിനൊപ്പമായിരുന്നു ജയം. ഒരു മത്സരത്തിൽ മാത്രമായിരുന്നു ഉറുഗ്വെ ജയിച്ചത്.