സിംബാബ്‍വെക്കെതിരെ ഇന്ത്യക്ക് 13 റൺസ് തോൽവി
സിംബാബ് വെയില്‍ ഇന്ത്യന്‍ യുവ നിരക്ക് പരാജയത്തുടക്കം. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു സിംബാബ് വെ ഇന്ത്യയെ മുട്ടുകുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 20 ഓവറില്‍ ഒന്‍പതിന് 115 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 19.5 ഓവറില്‍ 102 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിംബാബ് വെ നായകന്‍ സിക്കന്തര്‍ റാസയുടെ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വിനയായത്. 31 റണ്‍സെടുത്ത നായകന്‍ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.
ചെറിയ വിജയലക്ഷ്യം അനായാസം മറികടക്കാനെത്തിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ അഭിഷേകിനെ നഷ്ടമായി. നാല് പന്തില്‍ റണ്‍സൊന്നുമെടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. പിന്നീടെത്തിയ ഋതുരാജ് ഗെയ്ക്വാദും പെട്ടന്ന് മടങ്ങി. ഒന്‍പത് പന്തില്‍ ഏഴ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. റിയാന്‍ പരാഗും റിങ്കു സിങ്ങും വന്നതും പോയതും ഒരുമിച്ചായിരുന്നു. പരാഗ് മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്തപ്പോള്‍ രണ്ടു പന്തില്‍ പൂജ്യനായായിരുന്നു റിങ്കുവിന്റെ മടക്കം. പിന്നീടെത്തിയ ധ്രുവ് ജുറലും പ്രതീക്ഷകള്‍ തകര്‍ത്തു. 14 പന്തില്‍ ആറു റണ്‍സെടുത്താണ് താരം പുറത്തായത്. അപ്പോഴും ഓപ്പണറായെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിലനിര്‍ത്തിയിരുന്നു.
എന്നാല്‍ സ്‌കോര്‍ 47ല്‍ നില്‍ക്കെ ഗില്ലിനെ മടക്കി സിക്കന്തര്‍ റാസ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടു. പിന്നീടെത്തിയവരില്‍ ആര്‍ക്കും തിളങ്ങാനാവാതെ വന്നതോടെ 13 റണ്‍സകലെ ഇന്ത്യ തോല്‍വി സമ്മതിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ 34 പന്തില്‍ 27 റണ്‍സെടുത്തെങ്കിലും മെല്ലെപ്പോക്ക് വിനയായി. ആവേശ് ഖാന്‍ 12 പന്തില്‍ 16 റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത രവി ബിഷ്‌ണോയിയാണ് ആതിഥേയരെ 115ല്‍ ഒതുക്കിയത്.
25 പന്തില്‍ 29 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പര്‍ ക്ലൈവ് മഡന്‍ഡെ ആണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ബിഷ്‌ണോയിക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.