ടി20 ലോകകപ്പ്: ഇന്ത്യ ഇംഗ്ലണ്ട് സെമിക്ക് റിസര്‍വ് ദിനമില്ല
ടി20 ലോകകപ്പില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തില്‍ മഴ രസംകൊല്ലിയായെത്തുമെന്നാണ് പ്രവചനം. മത്സരത്തിന് റിസര്‍വ് ദിനമില്ല എന്നതും ആരാധകരെ നിരാശരാക്കുന്നു. എന്നാല്‍ 250 മിനുട്ട് അധിക സമയം രണ്ടാം സെമിഫൈനല്‍ മത്സരത്തിന് ഐ.സി.സി അനുവദിച്ചിട്ടുണ്ട്. ഗുയാനയില്‍ മഴ കളിച്ചാല്‍ ഇന്ത്യക്ക് അധികം ഭയപ്പെടാനില്ല. കാരണം മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ട അവസ്ഥ വന്നാല്‍ ഇന്ത്യ നേരിട്ട കലാശപ്പോരിലേക്ക് യോഗ്യത നേടും. സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് ചാംപ്യന്മാരായെത്തിയതാണ് ഇന്ത്യക്ക് തുണയാവുക. ഗ്രൂപ്പ് രണ്ടില്‍ നിന്ന ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാമതായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ഇത് ഇംഗ്ലണ്ടിന് തിരിച്ചടിയാവും. സെമി, ഫൈനല്‍ മത്സരങ്ങളില്‍ ഫലം പ്രഖ്യാപിക്കണമെങ്കില്‍ കുറഞ്ഞത് 10ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണം.
ഇംഗ്ലണ്ട് കടക്കണം
ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടിനാണ് ഇന്ത്യയും ഇംഗ്ലണ്ടും പോരിനിറങ്ങുന്നത്. സൂപ്പര്‍ 8ല്‍ ആസ്ത്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരെ വീഴ്ത്തിയാണ് രോഹിതും സംഘവും എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാത്ത ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. ഓപ്പണര്‍ വിരാട് കോലി, മധ്യനിര താരങ്ങളായ ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. വിരാട് ബംഗ്ലാദേശിനെതിരേ ഫോമിലേക്കെത്തിയിരുന്നെങ്കിലും ആസ്‌ത്രേലിയയോട് തുടക്കത്തില്‍ തന്നെ പൂജ്യനായി മടങ്ങി. ഇംഗ്ലണ്ടിനെതിരേയും കോഹ്ലി നിറം മങ്ങിയാല്‍ ഇന്ത്യ തകരും.
സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശ്, ആസ്‌ത്രേലിയ എന്നിവര്‍ക്കെതിരേ ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആരാധകര്‍ തൃപ്തരല്ല. സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിങ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്. ആസ്‌ത്രേലിയക്കെതിരെ പുറത്താവാതെ ഒമ്പത് റണ്‍സാണ് ജഡേജ നേടിയത്. ബൗളിങ്ങില്‍ ഒരോവറില്‍ 17 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. സൂപ്പര്‍ 8ല്‍ യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് എത്തുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് ഒരു തോല്‍വിയും സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ട് നേരിട്ടു.
അഫ്ഗാൻ വീണു, ദക്ഷിണാഫ്രിക്ക ഫൈനലിൽ
ക്രിക്കറ്റിൽ പുതുചരിതം എഴുതാനെത്തിയ അഫ്ഗാനിസ്ഥാന്റെ ടി20 ലോകകപ്പ് ക്രിക്കറ്റിലെ യാത്ര അവസാനിച്ചു. ഇന്ന് നടന്ന ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ഒൻപത് വിക്കറ്റിന് പരാജയപ്പെട്ടായിരുന്നു അഫ്ഗാൻ പുറത്തായത്. അതേസമയം ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ടോസ് നേടിയ അഫ്ഗാൻ ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം പൂർണമായും തെറ്റുന്ന രീതിയിലായിരുന്നു അഫ്ഗാന്റെ ബാറ്റിങ്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 11.5 ഓവറിൽ 56 റൺസിന് കൂടാരം കയറി. അമിത സമ്മർദം കാരണം ഒറ്റ ബാറ്റർക്കും പോലും തിളങ്ങാനായില്ല. 12 പന്തിൽ 10 റൺസെടുത്ത അസ്മതുള്ള ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ.
ബാക്കിയുള്ള ഒറ്റ താരം പോലും രണ്ടക്കം കടന്നില്ല. റഹ്മാനുള്ള ഗുർബാസ് (0), ഇബ്രാഹിം സർദാൻ (2), ഗുലാബ്ദിൻ നായിബ് (9), മുഹമ്മദ് നബി (0), നൻഗയാലി ഹൊറോട്ടെ (2), കരീം ജന്നത് (8), റാഷ്ദ് ഖാൻ (8), നൂർ അഹമ്മദ് (0), നവീനുൽ ഹഖ് (2), ഫസലുൽ ഫാറൂഖി (2) എന്നിങ്ങനെയാണ് അഫ്ഗാന്റെ മറ്റു താരങ്ങളുടെ സ്‌കോറുകൾ. അഫ്ഗാനെ ചെറിയ സ്‌കോറിൽ ഒതുക്കിയതോടെ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസൻ തബ്രയ്‌സ് ഷംസി എന്നിവരാണ് അഫ്ഗാന്റെ കഥകഴിച്ചത്. കഗിസോ റബാഡ, ആന്റിച്ച് നോർജെ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ പ്രോട്ടീസിന് കാര്യങ്ങൾ എളുപ്പമായിരുന്നു. 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലായിരുന്നു അവർ ലക്ഷ്യം മറികടന്നത്. എട്ടു പന്തിൽ അഞ്ചു റൺസെടുത്ത ഡി കോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.
ഫസലുൽ ഹഖ് ഫാറൂഖിയുടെ പന്തിൽ ബൗൾഡായിട്ടായിരുന്നു താരം മടങ്ങിയത്. 25 പന്തിൽ 29 റൺസുമായി റീസ ഹെന്റിക് 21 പന്തിൽ 23 റൺസുമായി എയ്ഡൻ മർക്രം എന്നിവർ ഔട്ടാകാതെ നിന്നു. ഇന്ന് രാത്രി നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാകും ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടുക.