ടി20 ലോകകപ്പ്: ഇംഗ്ലണ്ട് സെമിയിൽ
അമേരിക്കയെ 10 വിക്കറ്റിന് തകര്‍ത്ത് ടി20 ലോകകപ്പിന്റെ സെമിയില്‍ കടന്ന ഇംഗ്ലണ്ട്. ഹാട്രിക് പ്രകടനം നടത്തിയ ക്രിസ് ജോര്‍ദാന്റെ മികവില്‍ അമേരിക്കയെ 115 റണ്‍സില്‍ ഒതുക്കിയ ഇംഗ്ലീഷുകാര്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 9.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.
നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 38 പന്തില്‍ പന്തില്‍ പുറത്താവാതെ 83 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ആറ് ഫോറുകളും ഏഴ് സികസ്‌റുകളും ഉള്‍പ്പെടുന്നതായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഹര്‍മീത് സിങ് എറിഞ്ഞ ഒരു ഓവറില്‍ അഞ്ച് സിക്‌സറുകളാണ് ബട്‌ലര്‍ പറത്തിയത്.
സാള്‍ട്ട് 21 പന്തില്‍ 25 റണ്‍സ് നേടി. തോല്‍വിയോടെ അമേരിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18.5 ഓവറില്‍ 115റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 24 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് കുമാറാണ് ടോപ് സ്‌കോറര്‍. ഹാട്രിക്കടക്കം അഞ്ചു പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് അമേരിക്കയെ ചുരുട്ടികെട്ടിയത്.
19ാം ഓവറിലായിരുന്നു ജോര്‍ദാന്‍ നാല് വിക്കറ്റുകള്‍ പിഴുതത്. 2.5 ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് ജോര്‍ദാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. റണ്‍സൊന്നുമെടുക്കുന്നതിനിടെയാണ് അമേരിക്കയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. അമേരിക്കയുടെ അവസാന നാല് താരങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല.