കോപാ അമേരിക്ക
നാളെ പുലർച്ചെ 5.30 ഓടെ ഫുട്‌ബോൾ ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന കോപാ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കാനഡയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഫിഫ റാങ്കിങ്ങിൽ 49ാം സ്ഥാനത്തുള്ള കാനഡക്കെതിരേ അനായാസം ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലാണ് അർജന്റീന.
എന്നാൽ ഫുട്‌ബോളിൽ എന്തും സംഭവിക്കുമെന്ന വിശ്വാസത്തിലാകും ലയണൽ സ്‌കലോനിയുടെ കുട്ടികൾ കളത്തിലിറങ്ങുക. മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരം അൽഫോൻസോ ഡേവിസാണ് കാനഡയെ നയിക്കുന്നത്. ഏതാനും ദിവസം മുൻപായിരുന്നു അൽഫോൻസോ ഡേവിസിനെ കാനഡയുടെ ക്യാപ്റ്റനായി തിരിഞ്ഞെടുത്തത്.
അർജന്റീനക്കായി എൻസോ ഫെർണാണ്ടസ് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമെന്നാണ് സൂചന. കോപാ അമേരിക്കയിലെ ആദ്യ മത്സരം ജയത്തോടെ അവിസ്മരണീയമാക്കാനുറച്ചാകും മെസ്സിയും സംഘവും കളത്തിലിറങ്ങുക. അർജന്റീനയും കാനഡയും ഇതിന് മുൻപ് മത്സരിച്ചപ്പോൾ അർജന്റീനക്കൊപ്പമായിരുന്നു ജയം. അന്ന് എതിരില്ലാത്ത അഞ്ചു ഗോളിന്റെ ജയമായിരുന്നു അർജന്റീന നേടിയത്.