യൂറോകപ്പിൽ വമ്പന്മാരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഡെന്മാർക്. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ 1-1എന്ന സ്കോറിനാണ് ഇംഗ്ലണ്ടിനെ ഡെന്മാർക്ക് പൂട്ടിയത്.
18ആം മിനുട്ടിൽ ഇംഗ്ലണ്ടാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ആയിരുന്നു സ്കോറർ. കെയ്ൽ വാൽകർ വലതു മൂലയിൽ നിന്ന് ഡെന്മാർക്ക് ബോക്സിലേക്ക് നീട്ടിയ പന്ത് ലഭിച്ച കെയ്ൻ അനായാസം വല കുലുക്കി. എന്നാൽ ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഡെന്മാർക്ക് നിരന്തരം ഇംഗ്ലീഷ് ബോക്സിൽ ഇരമ്പിയെത്തി. അധികം വൈകാതെ അവർ ലക്ഷ്യം കാണുകയും ചെയ്തു. 34ആം മിനുട്ടിൽ ഹുൽമാൻഡ് തൊടുത്ത ലോങ്ങ് റേഞ്ചർ ഇംഗ്ലീഷ് പ്രതിരോധത്തെയും ഗോൾകീപ്പറേയും നിസ്സഹായരാക്കി വല തുളച്ചു. പിന്നീട് ലീഡ് നേടാൻ ഇംഗ്ലണ്ട് പൊരുതിയെങ്കിലും ആദ്യ പകുതി സമനിലയിൽ തന്നെ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഡെന്മാർക്കിന്റെ ആധിപത്യമായിരുന്നു. നിരന്തരം ഇംഗ്ലീഷ് ബോക്സിലേക്ക് ഇറച്ചെത്തിയ ഡെന്മാർക്ക് നിരയെ ഗോൾ കീപ്പർ പിക്ക്ഫോർഡ് പിടിച്ചു നിർത്തുകയായിരുന്നു. ഇരു ടീമുകളും യുവ താരങ്ങളെ കളത്തിലിറക്കി കളി പിടിക്കാൻ നോക്കിയെങ്കിലും ഫലം സമനിലയിൽ കലാശിച്ചു.